ഐസ് ക്രീം മാൻ ഓഫ് ഇന്ത്യ: നാചുറൽസ് ഐസ് ക്രീം സ്ഥാപകൻ രഘുനന്ദൻ കമ്മത്ത് അന്തരിച്ചു

0

നാചുറൽസ് ഐസ്ക്രീം സ്ഥാപകൻ രഘുനന്ദൻ ശ്രീനിവാസ് കമ്മത്ത് അന്തരിച്ചു. 70 വയസായിരുന്നു. ശനിയാഴ്ച വൈകിട്ട് അന്ധേരി വെസ്റ്റിലെ അംബോളിയിൽ സംസ്കാര ചടങ്ങുകൾ നടത്തി. മംഗലാപുരം സ്വദേശിയായ ഇദ്ദേഹമാണ് 400 കോടി മൂല്യം വരുന്ന ഐസ് ക്രീം പാർലർ ചെയിനിൻ്റെ ഉടമയാണ്. ഇന്ത്യൻ ബിസിനസ് ലോകത്ത് ഐസ് ക്രീം മാൻ ഓഫ് ഇന്ത്യ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടത്.

മംഗലാപുരത്ത് പഴക്കച്ചവടക്കാരനായിരുന്നു രഘുനന്ദൻ്റെ പിതാവ്. സഹോദരനൊപ്പം അദ്ദേഹത്തിൻ്റെ ഭക്ഷണശാലയിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് 14ാം വയസിൽ ഇദ്ദേഹം മുംബൈയിലേക്ക് എത്തിയത്. പിന്നീട് ഇവിടെ പാവ് ബാജി കട തുറന്നായിരുന്നു കച്ചവടത്തിൻ്റെ തുടക്കം. ഇതോടൊപ്പം ഐസ് ക്രീമും വിറ്റു. ഐസ് ക്രീമിന് ഫ്രൂട്ട് ഫ്ലേവറിന് പകരം യഥാർത്ഥ പഴങ്ങൾ തന്നെ നൽകിയാലെന്താ എന്ന ചിന്തയാണ് അദ്ദേഹത്തെ നയിച്ചത്.

പാവ് ബാജിക്ക് ഒപ്പമാണ് സ്വയം വികസിപ്പിച്ച പുതിയ ഐസ് ക്രീം രുചിയും അദ്ദേഹം വിളമ്പിയത്. ഇത് പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. 1984 ൽ ജുഹുവിലാണ് അദ്ദേഹം തൻ്റെ ഐസ് ക്രീം കട ആദ്യം തുറന്നത്. അന്ന് അവിടെ 12 രുചി വൈവിധ്യങ്ങളിലുള്ള ഐസ് ക്രീമാണ് ലഭിച്ചിരുന്നത്. പിന്നീട് ഈ സംരംഭം വലിയ പ്രചാരം നേടുകയായിരുന്നു. വിവാഹിതനായ രഘുനന്ദൻ മുംബൈയിൽ ഭാര്യയ്ക്കും രണ്ട് ആൺമക്കൾക്കുമൊപ്പമാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ മകൻ സിദ്ധാന്ത് നിലവിൽ നാചുറൽസ് ഐസ് ക്രീം കമ്പനിയുടെ ഡയറക്ടറാണ്.