ഇടുക്കിയിൽ ഒരു മത്തങ്ങയ്ക്ക് വില 47,000 രൂപ !

0

ഒരു മത്തങ്ങക്ക് വില നാൽപ്പത്തിയേഴായിരം രൂപയാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. എന്നാൽ അത് വിശ്വസിച്ചേ പറ്റു. ഇത്തവണത്തെ ഓണാഘോഷം ആവേശമാക്കിയ മാറ്റിയ ഇടുക്കി മലയോരത്തെ കുടിയേറ്റ ഗ്രാമമായ ചെമ്മണ്ണാറിൽ നടന്ന ജനകീയ ലേലത്തിലാണ് 5 കിലോയോളം തൂക്കം വരുന്ന മത്തങ്ങ നാൽപ്പത്തിയേഴായിരം രൂപക്ക് വിറ്റ് പോയത്.

സാധാരണ നടക്കാറുള്ള ലേലം വിളിയിൽ മുട്ടനാടും പൂവൻ കോഴിയുമൊക്കെ പതിനായിരത്തിന് മുകളിൽ ലേലം വിളിച്ച് പോകാറുണ്ടെങ്കിലും മലയോരത്തിൻറെ വളക്കൂറുള്ള മണ്ണിൽ വിളഞ്ഞ മത്തങ്ങാ ചരിത്രം സൃഷ്ടിക്കുന്നത് ഇതാദ്യമായിട്ടാണ്. ലേലത്തിൽ മത്തങ്ങയുടെ വില ഉയർന്ന് ആയിങ്ങളും പതിനായിരങ്ങളും കടന്നതോടെ ജനകീയ ലേലത്തിൽ പങ്കെടുക്കാൻ തടിച്ച് കൂടിയ ആളുകളിൽ ലേലം ഒരു ഹരമായി മാറി ഒടുവിൽ ആരോ സൗജന്യമായി സംഘാടകർക്ക് നൽകിയ മത്തങ്ങ ലോക ചരിത്രത്തിന്റെ ഭാഗമായി നാൽപ്പത്തി ഏഴായിരം രൂപക്ക് വിറ്റു പോയി.

ഓണാഘോഷത്തിന്റെ ചിലവ് കണ്ടെത്താൻ സമ്മാന കൂപ്പണും സംഭാവനയും പിരിച്ച് നെട്ടോട്ടമോടിയ സംഘാടകരും ഹാപ്പിയായി ഭാഗ്യം മത്തങ്ങയുടെ രൂപത്തിലും എത്തുമെന്നാണ് ഇപ്പോൾ മലയോരത്തെ സംസാരം.