ഒരുക്കങ്ങൾ പൂർണം; കൊവിഡ് മോക്ക്ഡ്രില്ലിനായി രാജ്യം സജ്ജം

0

വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലുടനീളം നാളെ നടക്കുന്ന മോക്ക് ഡ്രില്ലിന് ഒരുക്കങ്ങൾ പൂർത്തിയായി. സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് മോക്ക് ഡ്രിൽ സംഘടിപ്പിയ്ക്കുന്നത്.

കൊവിഡ് കേസുകൾ വർധിച്ചാൽ ഈ സാഹചര്യത്തെ നേരിടുന്നതിന് എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുന്നതിനായാണ് മോക്ക് ഡ്രിൽ നടത്തുന്നത്. ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും ആരോഗ്യവകുപ്പ് മോക്ഡ്രിൽ നടത്തുക. ഇതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാർക്ക് വിശദമായ നിർദേശങ്ങൾ കൈമാറിയിട്ടുണ്ട്. നാളെ വൈകീട്ട് തന്നെ മോക്ക് ഡ്രിൽ ഫലം എല്ലാ സംസ്ഥാനങ്ങളും അപ്ലോഡ് ചെയ്യും.

ഓരോ സംസ്ഥാനങ്ങളിലേയും ആകെയുള്ള ഐസൊലേഷൻ വാർഡുകളുടെയും ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങളുടെയും ലഭ്യത ഇതിലൂടെ പരിശോധിക്കും. കൊവിഡ് സാഹചര്യം നേരിടാൻ ആവശ്യമായ ആരോഗ്യപ്രവർത്തകർ, കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ, മരുന്നുകൾ, മാസ്‌ക്, പിപിഇ കിറ്റ് തുടങ്ങിയവ കാര്യങ്ങളും ഉറപ്പാക്കാനും മോക്ക് ഡ്രിൽ ലക്ഷ്യമിടുന്നു. ജില്ല തിരിച്ചുള്ള മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലേയും സൗകര്യങ്ങൾ ഇതിലൂടെ ഉറപ്പുവരുത്തും. നാളത്തെ മോക്ക് ഡ്രില്ലുമായ് ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേത്യത്വത്തിൽ ഉന്നതതല യോഗം വിലയിരുത്തും.