ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം ഇതാണ്: കണ്ടെത്തലുകൾ ഇങ്ങനെ!

0

ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം മിസോറാമെന്ന് പഠന റിപ്പോർട്ട്. ഗുരുഗ്രാം മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസർ നടത്തിയ പഠനത്തിലാണ് മിസോറാമിനെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ആറ് ഘടകങ്ങൾ പരിഗണിച്ചാണ് ഏറ്റവും സന്തോഷമുള്ള സംസ്ഥാനത്തെ കണ്ടെത്തിയത്. കുടുംബ ബന്ധം, ജോലി സംബന്ധമായ പ്രശ്‌നങ്ങൾ, സാമൂഹ്യ പ്രശ്‌നങ്ങൾ, ജീവകാരുണ്യ പ്രവർത്തനം, മതം, സന്തോഷത്തിലും ശാരീരി-മാനസിക ആരോഗ്യത്തിലുമുള്ള കൊവിഡിന്റെ പ്രത്യാഘാതം എന്നീ ആറ് കാര്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പഠനം.

നൂറ് ശതമാനം സാക്ഷരത നേടിയിട്ടുള്ള രണ്ടാമത്തെ സംസ്ഥാനമാണ് മിസോറാം. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും വിദ്യാർത്ഥികൾക്ക് വളരാൻ അവസരം നൽകുന്നതാണ് മിസോറാമിലെ അന്തരീക്ഷമെന്ന് പഠനത്തിൽ പറയുന്നു.

മിസോറാമിലെ സാമൂഹ്യ അന്തരീക്ഷണവും സന്തോഷത്തിന് കാരണമാകുന്നുവെന്ന് ഗവേഷകർ പറയുന്നു. മിസോറാമിൽ കുട്ടികൾക്ക് വളരെ ചെറുപ്രായം മുതൽ തന്നെ സ്വന്തമായി പണം സമ്പാദിച്ച് സ്വതന്ത്രരായി ജീവിക്കാനുള്ള സാഹചര്യമുണ്ട്. 16-17 വയസ് മുതൽ തന്നെ കുട്ടികൾ ചെറു ജോലികൾ ചെയ്ത് പണം സമ്പാദിച്ച് സ്വയം പര്യാപ്തത നേടുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ലിംഗ വ്യത്യാസമില്ലാതെ കുട്ടികളെ പരിഗണിക്കുന്നു എന്നതും എടുത്ത് പറയേണ്ടതാണ്.