മഹാമാരികാലത്തെ പ്രകാശം പരത്തുന്ന മാലാഖമാർ…

0

ആതുരസേവനരംഗത്തെ മാനുഷികമുഖം…അതായിരുന്നു ഫ്ലോറൻസ് നൈറ്റിങ്‍ഗേലെന്ന വിളക്കേന്തിയ മാലാഖ. ആതുരസേവനത്തിന് കാരുണ്യം എന്നുകൂടി അർഥമുണ്ടെന്ന് ലോകത്തെ പഠിപ്പിച്ച ആ മാലാഖയുടെ 200–ാം ജന്മവാർഷികമാണ് ഇന്ന്. ആധുനിക നഴ്സിങിന് അടിത്തറ പാകിയ ഫ്ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനമാണ് ലോക നഴ്സസ് ദിനമായി ആചരിക്കുന്നത്. ഈ ദിനം ആചരിക്കാൻ ഇതിനേക്കാൾ പ്രാധാന്യമുള്ള ഒരു സന്ദർഭം വേറെയില്ല. കോവിഡ് മഹാമാരിയുടെ താണ്ഡവത്തിൽ ലോകമെങ്ങും മരണഭീതിയിലാണ്ടുകിടക്കുമ്പോൾ സ്വാന്തനത്തിന്റെ കരലാളനങ്ങളുമായി സ്വജീവൻപോലും പണയംവെച്ച് രോഗിയുടെ ഏറ്റവും അടുത്തുനിന്ന് അവർക്ക് ആശ്വാസം പകരുന്നവരാണ് ഭൂമിയിലെ മാലാഖാമാരായ നഴ്‌സുമാർ.

1820 മേയ് 12 നായിരുന്നു ‘വിളക്കേന്തിയ വനിത’ എന്നറിയപ്പെടുന്ന ഫ്ലോറന്‍സിന്റെ ജനനം. ബ്രിട്ടനിൽനിന്ന് ഇറ്റലിയിൽ കുടിയേറിയ അധിധനികകുടുംബത്തിലായിരുന്നു ഫ്ലോറൻസിന്റെ ജനിച്ച് വീണത്. വില്യം എഡ്വേര്‍ഡ് നൈറ്റിങ്ഗേൽ– ഫ്രാൻസിസ് സ്മിത്ത് ദമ്പതികൾക്ക് പിറന്ന രണ്ടാമത്തെ കുട്ടിക്ക് അവൾ പിറപിറന്നുവീണ ഫ്ലോറൻസ് എന്ന പ്രദേശത്തിന്റെ പേരുതന്നെയാണ് മാതാപിതാക്കൾ നൽകിയത്. ചെറുപ്പം മുതലേ ഒരു നഴ്‌സ്‌ ആകാനുള്ള ആഗ്രഹം അവൾ മാതാപിതാക്കളെ അറിയിച്ചിരുന്നെങ്കിലും അവരതിനെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. എന്നാൽ എല്ലാ സുഖങ്ങളും ഉണ്ടായിട്ടും പാവപ്പെട്ടവരെ സേവിക്കുക എന്ന ദൗത്യവുമായി ആ കാലത്ത് ഏറ്റവും മോശപ്പെട്ട ജോലിയായി കരുതിയിരുന്ന നഴ്സിങ് തിരഞ്ഞെടുക്കുകയായിരുന്നു അവർ.

ക്രിമിയൻ യുദ്ധത്തിൽ പരിക്കേറ്റ് മരണാസന്നരായ പട്ടാളക്കാരെ ശുശ്രൂഷിക്കാനായി ഇവരെ ശുശ്രൂഷിക്കാൻ ഒരു വനിതാ നഴ്സ് പോലുമില്ലായിരുന്നു. ഈ വാർത്ത കേട്ട ഫ്ലോറൻസ് നൈറ്റിങ്ഗേൽ 1854 ൽ ഒരു സംഘവുമായി അവിടേക്ക് യാത്രയായി. 38 നഴ്സുമാരും 15 കത്തോലിക്ക സന്യാസിനിമാരുമടങ്ങുന്ന സംഘമാണ് അന്ന് ക്രൈമിയയിലെ സൈനികാശുപത്രിയിലേക്ക് പോയത്. അവിടുത്തെ അവരുടെ കഠിനാധ്വാനമാണ് അവരെ ലോകം അറിയുന്ന വനിതയാക്കി തീർത്തത്. പകൽ ജോലി കഴിഞ്ഞാൽ രാത്രി റാന്തൽ വിളക്കുമായി ഓരോ രോഗിയെയും നേരിട്ട് കണ്ടു അവർ സുഖാന്വേഷണം നടത്തി. വിളക്ക് കയ്യിലേന്തിവരുന്ന അവർ രോഗികൾക്ക് മാലാഖയായി…

വിളക്കുമായി സൈനികരുടെ അടുത്തെത്തുന്ന ഫ്ലോറൻസ് നൈറ്റിങ്‍ഗേലിനെ ലണ്ടൻ ടൈംസ് പത്രമാണ് ആദ്യമായി വിളക്കേന്തിയ വനിത (Lady with the Lamp) എന്നു വിശേഷിപ്പിച്ചത്. ആ വിശേഷണം അന്വർത്ഥമാക്കിക്കൊണ്ട് ഇന്ന് ലോകം മുഴുവൻ നഴ്‌സുമാർ വിളക്കേന്തിയ സമൂഹമായി മാറിയിരിക്കുന്നു.

1883ൽ വിക്ടോറിയ രാജ്ഞി ഫ്ലോറൻസിന് റോയൽ റെഡ് ക്രോസ്സ് സമ്മാനിച്ചു. 1907ൽ ഓർഡർ ഓഫ് മെറിറ്റ് നേടുന്ന ആദ്യത്തെ വനിതയായി. ആതുര ശുശ്രൂഷ രംഗത്തിന് സമൂഹത്തിൽ മാന്യതയുണ്ടാക്കിയ ‘വിളക്കേന്തിയ മാലാഖ’ 1910 ആഗസ്റ്റ് 13ന് അന്തരിച്ചു.

ഇന്ന് ലോകം മുഴുവൻ നഴ്‌സുമാർ വിളക്കേന്തിയ സമൂഹമായി മാറിയിരിക്കയാണ്. പകർച്ചവ്യാധികളുടെ ഈ കാലത്ത് സ്വന്തം ജീവൻ പോലും വകവെക്കാതെ ഉറ്റവരെയും ഉടയവരെയും വിട്ട് രാപ്പകൽ ബേധമില്ലാതെ നമ്മടെയൊക്കെ ജീവന് കാവലിരിക്കുന്നവരാണ് നഴ്‌സുമാർ…മരുന്നു കൊണ്ട് മാത്രം ഒരു രോഗവും മാറില്ല രോഗം മാറ്റുന്നതിൽ മരുന്നിനോളം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് പരിചരണം. ആ മഹത്തായ കർമ്മം അനുഷ്ഠിക്കുന്നവരാണ് നഴ്‌സുമാർ.

കുറഞ്ഞ ശമ്പളം, കൂടുതല്‍ സമയം ജോലി, ബോണ്ടുകള്‍, ആശുപത്രി അധികൃതരില്‍ നിന്നുള്ള പീഡനങ്ങള്‍, അനാരോഗ്യ കരമായ ജീവിത സാഹചര്യങ്ങള്‍ എല്ലാം ഇവരുടെ നിത്യ പ്രശ്‌നങ്ങളാണ്. ഇതിനിടയിലും അവർ നമ്മെ വേണ്ടവിധം പരിചരിക്കുന്നുണ്ട്. അതുപോലെതന്നെ അഭിനന്ദാർഹമായ മറ്റൊരു കാര്യം കൂടിയുണ്ട്. ആതുരസേവന രംഗത്ത് ഇന്ന് മലയാളി വനിതകള്‍ ലോകമെങ്ങും സാന്നിദ്ധ്യമറിയിക്കുകയാണ്. ലോകരാജ്യങ്ങളിലാകെ മലയാളി നേഴ്‌സുമാർ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചുകൊണ്ടിരിക്കയാണ്.അന്താരാഷ്ട്ര നേഴ്സസ് ദിനത്തിന്റെ ചരിത്രം കേരളത്തിന്റെ ആതുരശുശ്രൂഷാ രംഗത്തിന്റെചരിത്രം കൂടി പറയുന്നതാണ്. ആഗോളതലത്തില്‍ നഴ്‌സുമാരുടെ കണക്കെടുത്താല്‍ 75 ശതമാനവും കേരളത്തില്‍ നിന്നുളളവരാണെന്നു കാണാം ഇന്ത്യയിലെ മൊത്തം 18 ലക്ഷം നഴ്‌സുമാരില്‍ 12 ലക്ഷവും മലയാളികളാണെന്നതും അഭിമാനിക്കാവുന്ന ഒന്നാണ്. ഈ ലോകമുള്ളടുത്തോളം കാലം ഏറ്റവും കൂടുതൽ പരിഗണന നൽകേണ്ടവരും വാഴ്ത്തപ്പെടേണ്ടവരുമാണ് ഭൂമിയിലെ ഈ മാലാഖമാർ…