ഐഎസ് തീവ്രവാദക്കേസ്; റിയാസ് അബൂബക്കറിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

0

കൊച്ചി: ഐഎസ് റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കൊച്ചി എൻഐഎ കോടതി കസ്റ്റഡിയിൽവിട്ടത്. റിയാസ് സ്വയം ചാവേർ ആകാൻ തീരുമാനിച്ചിരുന്നതായി എൻഐഎ അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. അതേ സമയം ഐഎസ് തീവ്രവാദ കേസിൽ മൂന്ന് മലയാളികളെ കൂടി എൻഐഎ പ്രതി ചേർത്തു. രണ്ട് കാസർകോട് സ്വദേശികളെയും ഒരു കരുനാഗപ്പള്ളി സ്വദേശിയെയുമാണ് പ്രതി ചേർത്തത്. ഐഎസ്സിന്റെ പ്രവർത്തനം രാജ്യത്ത് ശക്തിപ്പെടുത്താൻ മൂന്നുപേരും പ്രവർത്തിച്ചെന്നാണ് എൻഐഎയുടെ കണ്ടെത്തൽ

കേരളത്തിൽ സ്‌ഫോടനം ആസൂത്രണം ചെയ്തത് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നും ഇതേപ്പറ്റിയുള്ള കൂടുതൽ അന്വേഷണം നടത്തുന്നതിനായി റിയാസിനെ അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്നും എൻഐഎ കോടതിയെ അറിയിച്ചു. കേരളത്തിൽ ഐഎസ്സിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള ഇടപെടലുകൾ ഇവർ നടത്തിയിട്ടുണ്ടെന്നും എൻഐഎ വ്യക്തമാക്കുന്നു. നിലവിൽ അഫ്ഗാനിസ്ഥാനിലുള്ള അബ്ദുൾ റാഷിദ് അബ്ദുള്ളയുമായി മൂവർക്കും ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. കൂടുതൽ പേർ വരും ദിവസങ്ങളിൽ അറസ്റ്റിലാകുമെന്നാണ് എൻഐഎ വൃത്തങ്ങൾ നൽകുന്ന സൂചന. സ്ലീപ്പർ സെല്ലുകളുടെ വിശദ വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്.