ജെറ്റ്സ്റ്റാര്‍ സിംഗപ്പൂര്‍ -തിരുവനന്തപുരം സര്‍വീസ് തുടങ്ങുന്നു

0

സിംഗപ്പൂര്‍ : സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെറ്റ്സ്റ്റാര്‍ ഏഷ്യ വിമാന കമ്പനി സിംഗപ്പൂരില്‍ നിന്ന് നേരിട്ട് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് തുടങ്ങുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നു.കഴിഞ്ഞ ദിവസമാണ് ഇത് സംബധിച്ച വിവരങ്ങള്‍ എയര്‍ലൈന്‍സ് പുറത്തുവിട്ടത്.ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയിലേക്കുള്ള  സര്‍വീസുകള്‍  നിര്‍ത്തലാക്കിയ ജെറ്റ്സ്റ്റാര്‍ വീണ്ടും ഇന്ത്യയിലേക്ക്‌ സര്‍വീസുകള്‍ വ്യപിക്കുന്നതിനു മുന്നോടിയാണ്  ഈ നീക്കം.എയര്‍ലൈന്‍സ് അധികൃതര്‍ അടുത്തയാഴ്ച തിരുവനന്തപുരം വിമാനത്താവളം സന്ദര്‍ശിച്ച് സൌകര്യങ്ങള്‍ വിലയിരുത്തും.നിലവില്‍ സില്‍ക്ക് എയര്‍ മാത്രമാണ് സിംഗപ്പൂരില്‍ നിന്ന് തിരുവനന്തപുരം സര്‍വീസ് നടത്തുന്നത്.ഈ റൂട്ടിലെ ഒരു ബജറ്റ് എയര്‍ലൈന്‍സിന്‍റെ അഭാവം ജെറ്റ്സ്റ്റാര്‍ വരുന്നതോടെ അവസാനിക്കും.സ്കൂട്ടിനേക്കാള്‍ ചെലവുകുറഞ്ഞ രീതിയില്‍ ടിക്കറ്റുകള്‍ നല്‍കുന്ന വിമാനസര്‍വീസാണ് ജെറ്റ്സ്റ്റാര്‍.

നിലവില്‍ ചൈന ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലും ,ഓസ്‌ട്രേലിയ മുതല്‍ അമേരിക്ക വരെയും സര്‍വീസുകളുള്ള ജെറ്റ്സ്റ്റാര്‍ ഒക്ടോബര്‍ മുതല്‍ സിംഗപ്പൂര്‍ -തിരുച്ചിറപ്പിള്ളി സര്‍വീസ് ആരംഭിക്കുന്ന കാര്യം അറിയിച്ചിട്ടുണ്ട്.തിരുച്ചിറപ്പള്ളി എയര്‍പോര്‍ട്ട് സന്ദര്‍ശിച്ചു മടങ്ങിയ ജെറ്റ്സ്റ്റാര്‍ ടീം തിരുവനന്തപുരം സര്‍വീസ് കൂടെ പരിഗണിക്കുന്നുവെന്ന വാര്‍ത്ത‍ കൂടെ നല്‍കിയിട്ടുണ്ട്.ജെറ്റ്സ്റ്റാര്‍ സര്‍വീസ് വരുന്നതോടെ സിംഗപ്പൂര്‍ വഴി നിരവധി സ്ഥലങ്ങളിലേക്ക് ട്രാന്‍സിറ്റ് ഫ്ലൈറ്റുകളും ലഭ്യമാകുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത.നിലവില്‍ മലേഷ്യ വഴിയും ,കൊച്ചി വഴിയും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യുന്ന തിരുവനന്തപുരം പ്രദേശത്തുള്ള പ്രവാസികള്‍ക്ക് ഏറ്റവും ആശ്വാസകരമായ വാര്‍ത്തയാണ് ജെറ്റ്സ്റ്റാര്‍ ഏഷ്യയുടെ വരവ്.