‘‘ഒരാൾ ആണോ പെണ്ണോ ഫെമിനിസ്റ്റോ കുലസ്ത്രീയോ എന്ന് നോക്കിയാകില്ല രോഗത്തിന്‍റെ പ്രവർത്തനം”; സോഷ്യൽ മീഡിയയിൽ വീണ്ടും കവിതാപ്പോര്

0

സോഷ്യൽ മീഡിയയിൽ വീണ്ടും ‘കവിതപ്പോര്’. യുവകവികളിൽ ശ്രദ്ധേയനായ അരുൺ പ്രസാദിന്റെ ‘ഒ.സി.ഡി’ എന്ന കവിതയെ ചൊല്ലിയാണ് വിവാദം. ഈ കവിത സ്ത്രീവരുദ്ധമാണെന്നാരോപിച്ച്, നിരൂപകയും കഥാകൃത്തുമായ ജിസജോസ് ഫെയ്സ്ബുക്കിൽ അതിന് പാരഡി എഴുതിയതോടെയാണ് പോരിന് തുടക്കമായത്. ഇതിനു പിന്നാലെ ഒസിഡി എന്ന കവിത സ്ത്രീവരുദ്ധമാണെന്നാരോപിച്ച് നിരവധിപ്പേർ രംഗത്ത് വന്നു. ഇതിനെ ചൊല്ലി ചൂടൻ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഒബ്സസീവ് കംപൾസീവ് ഡിസോർഡറു’ള്ള ഒരു സ്ത്രീ വിവാഹമോചനത്തിന് ശേഷവും ഭർത്താവിന്റെ വീട്ടിലെത്തി വീട് തുടയ്ക്കുന്നതിനെക്കുറിച്ചാണ് അരുണിന്റെ കവിത. ഭർത്താവുമൊത്ത് ജീവിച്ച വീട്ടിലേക്ക് അവർ വീണ്ടുമൊരു സ്വപ്നയാത്ര നടത്തുന്നതും അവിടെ ചെയ്യുന്ന കാര്യങ്ങളുമാണ് കവിതയുടെ ഉള്ളടക്കം. എന്നാൽ കവി ഈ കവിതയിലൂടെ സ്ത്രീകൾ വീട്ടുജോലി ചെയ്യാനുള്ള അടിമകളാണെന്ന സമൂഹികബോധം ഊട്ടി ഉറപ്പിക്കുകയാണെന്നാണ് ജിസയുടെ വാദം.

കവിതയിലുള്ളത് ഒരു ‘കുലസ്ത്രീ’ ആണെന്നും അവർ ആരോപിക്കുന്നു. ഈ ആരോപണങ്ങളോടൊപ്പം തന്നെ ജിസയെഴുതിയ പാരഡിയും ശ്രദ്ധേയമാവുകയാണ്. സമൂഹം തന്നിലേൽപ്പിക്കുന്ന ബാധ്യതകൾ ചെയ്യാൻ വിസമ്മതിക്കുന്ന സ്ത്രീയെയാണ് പാരഡിയിലുടെ അവർ അവതരിപ്പിച്ചിരിക്കുന്നത്. ജിസയുടെ കവിത നവമാധ്യമങ്ങൾ ഏറ്റെടുത്തതോടെ ഇതിനു മറുപടിയുമായി അരുൺ രംഗത്തെത്തിയിരിക്കുകയാണ്. ഒരാൾ ആണോ പെണ്ണോ ഫെമിനിസ്റ്റോ കുലസ്ത്രീയോ എന്ന് നോക്കിയാകില്ല രോഗത്തിന്റെ പ്രവർത്തനം. നിങ്ങൾ എന്ത്‌ തന്നെ ആയാലും OCD പേഷ്യന്റ്‌ ആണെങ്കിൽ കമ്പൽഷൻസ്‌ പൂർത്തീകരിക്കുവാൻ ശ്രമിക്കാം. നിങ്ങൾ ഫെമിനിസ്റ്റ്‌ ആണെങ്കിലും നിങ്ങളുടെ കമ്പൽഷൻ വിട്ടിട്ട്‌ പോയ വീടിന്റെ വൃത്തിയുമായി ബന്ധപ്പെട്ടതാണെങ്കിൽ നിങ്ങളത്‌ വൃത്തിയാക്കുന്നു.– അരുണിന്‍റെ മറുപടി.