ജൂൺ 20: ലോക അഭയാര്‍ഥി ദിനം

0

ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ലോകത്താകമാനം അഭയാര്‍ഥികളായത് 6.5 കോടി ജനതയാണ്… അഭയാര്‍ഥി പ്രവാഹത്തെ തടയാനുള്ള നടപടികള്‍ കര്‍ശനമാക്കുമ്പോഴും പോയ വര്‍ഷം അഭയാര്‍ഥികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ടു.

ഓരോ മൂന്നു സെക്കന്റിലും ഓരോരാൾ  വീതം അഭയാര്‍ഥികളായിക്കൊണ്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിൽതന്നെ അഭയാര്‍ഥികളാകുന്നവരില്‍ പകുതിയും കുട്ടികളാണെന്നതാണ് കണക്കുകൾ കാണിക്കുന്നത്.

ആരാണ് അഭയാര്‍ഥികള്‍?

ആഭ്യന്തരമായ മത-രാഷ്ട്രീയ പീഡനങ്ങള്‍, യുദ്ധക്കെടുതികള്‍, ആഭ്യന്തരയുദ്ധം, ക്ഷാമം, തൊഴിലില്ലായ്മ എന്നിവ മൂലം അന്യരാജ്യങ്ങളില്‍ അഭയം തേടുന്നവരാണ് അഭയാര്‍ഥികള്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സ്വന്തം രാജ്യത്ത് നിന്നും പുറം തള്ളപ്പെടുന്നവര്‍.

സാമൂഹ്യ വ്യവസ്ഥിതിയുടെ പരിണാമങ്ങളിലൊക്കെയും അഭയാര്‍ഥി പ്രവാഹം ഒരു നിരന്തര സപ്ജ്ഞയാണ്.

മധ്യകാലഘട്ടവും മതവനീകരവും യൂറോപ്പിലെ അഭയാര്‍ഥി പ്രവാഹത്തിന് ഒരു കാരണമായിരുന്നു.  ലോകത്താകമാനം കെടുതികള്‍ സൃഷ്ടിച്ച രണ്ടാം ലോകമഹായുദ്ധം
ദശലക്ഷക്കണക്കിനു ജനങ്ങളെ അഭയാര്‍ഥികളാക്കി മാറ്റി.

ഇന്ത്യയുടെ വിഭജനത്തെത്തുടര്‍ന്ന് ഇന്ത്യയില്‍നിന്നും പാകിസ്താനിലേക്ക് ഓടിപ്പോയ മുസ്ലിങ്ങളും പാകിസ്താനില്‍നിന്നും ഇന്ത്യയിലേക്കു വന്ന ഹിന്ദുക്കളും അഭയാര്‍ഥികള്‍ തന്നെയായിരുന്നു. ബംഗ്ലാദേശ് വിമോചന യുദ്ധത്തെത്തുടര്‍ന്ന് തുരത്തപ്പെട്ട ഹിന്ദു-മുസ്ലിം ജനത അഭയാര്‍ഥികളാക്കപ്പെട്ടവരുടെ മറ്റൊരു മുഖമായിരുന്നു.

ഐക്യരാഷ്ട്രസഭ 1951-ലെ കണ്‍വന്‍ഷനിൽ  അഭയാര്‍ഥിപ്രശ്‌നം സജീവപരിഗണനയ്ക്കു വിധേയമാക്കുകയുണ്ടായി. യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മിഷണര്‍ ഫോര്‍ റെഫ്യൂജീസ് (UNHCR) എന്ന സംഘടന രൂപംകൊണ്ടത് ഈ പശ്ചാത്തലത്തിലാണ്.

കണ്‍വന്‍ഷന്റെ നിര്‍വചനമനുസരിച്ച് രണ്ടുകൂട്ടര്‍ അഭയാര്‍ഥികളുടെ വിഭാഗത്തില്‍പ്പെടുന്നു

(1) വംശം, മതം, ദേശീയത, ഏതെങ്കിലും സാമൂഹികമോ രാഷ്ട്രീയമോ ആയ സംഘത്തിലെ അംഗത്വം എന്നിവ കാരണമായി പീഡിപ്പിക്കപ്പെട്ടേക്കുമെന്ന ഭീതിയാല്‍ സ്വന്തം രാജ്യത്തിനുവെളിയില്‍ താമസിക്കുന്നവരും അവിടെ സംരക്ഷണം ലഭിക്കണമെന്നാഗ്രഹിക്കുന്നവരും.

(2) ദേശീയത അവകാശപ്പെടാന്‍ രാജ്യമില്ലാത്തവരായിരിക്കുകയും മുൻമ്പ്‌ വസിച്ചിരുന്ന രാജ്യങ്ങളിലേക്ക് തിരിച്ചുപോകാന്‍ വിസമ്മതിക്കുകയും ചെയ്യുന്നവര്‍.

ആഗോളതലത്തിലെ കണക്കനുസരിച്ച് അഭയാര്‍ഥികളാകുന്നവരിലധികവും സിറിയയില്‍ നിന്നുമാണ്. ആറു വര്‍ഷം പിന്നിട്ട സംഘര്‍ഷത്തില്‍ 6.3 കോടി പേര്‍ രാജ്യത്തിനകത്തുമാത്രം അഭയാര്‍ഥികളായി മാറപ്പെട്ടു. ദക്ഷിണ സുഡാനാണ് അഭയാര്‍ഥികളുടെ എണ്ണത്തില്‍ മുന്നിലുള്ള മറ്റൊരു രാജ്യം. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, പാകിസ്ഥാന്‍, ലബനന്‍ എന്നിവടങ്ങളില്‍ നിന്നും ജീവിതം പറിച്ചു നടുന്നവരുടെ എണ്ണത്തിലും കുറവൊന്നുമില്ല.

സമീപ കാലത്തു മ്യാന്മറിൽ നിന്നു പാലായനം ചെയ്ത പതിനായിരക്കണക്കിന്  റോഹിൻഗ്യൻ അഭയാർത്ഥികൾ ഇന്ന് ലോകത്തിനു മറ്റൊരു  വലിയ  ചോദ്യചിഹ്നമാണ്.

മെഡിറ്ററേറിയൻ തീരത്ത് പഞ്ചാര മണലില്‍ കമിഴ്ന്നു കിടക്കുന്ന ഐലന്‍ കുര്‍ദിയുടെ ചിത്രം നമ്മുടെ മനസ്സുകളില്‍ നിന്നും ഇത് വരെ പോയിട്ടില്ല. ലോകം നേരിടുന്ന അഭയാര്‍ത്ഥി പ്രശ്‌നം അന്നൊരിക്കന്‍ ലോകം ചര്‍ച്ച ചെയ്തു. സ്വന്തം നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ജീവിക്കാനുള്ള ഇടം തേടിയുള്ള യാത്ര ആധുനികകാലത്തും അവസാനിക്കുന്നില്ല.

കുടിയേറ്റം ഇന്ന് ഒരു വലിയ മാനുഷിക വിഷയമായി അവശേഷിക്കുന്നു.
ആരാണ് അതിനുത്തരവാദി എന്ന ചോദ്യത്തിന് മനുഷ്യന്‍ എന്ന് തന്നെയാണ് മറുപടി.

കനേഡിയന്‍ അധികാരികള്‍ പ്രവേശനാനുമതി നിഷേധിച്ച കാരണത്താല്‍ നിയമപരമല്ലാത്ത വഴിയിലൂടെ കടല്‍ കടക്കാനുള്ള കുര്‍ദി കുടുംബത്തിന്റെ ശ്രമമാണ് അന്ന് ദുരന്തത്തില്‍ അവസാനിച്ചത്. എക്കാലത്തേയും ഏറ്റവും സ്വാധീനമുള്ള ചിത്രങ്ങള്‍’ എന്നാണ് കുര്‍ദിയുടെ ദുരന്തം കാണിക്കുന്ന ചിത്രത്തെ കുറിച്ച് അന്ന് ലോകം പ്രതികരിച്ചത്.

ലോകമെമ്പാടുമുള്ള അഭയാര്‍ഥി പ്രതിസന്ധികള്‍ക്ക് പിന്നില്‍ യുദ്ധങ്ങളും പീഡനങ്ങളുമാണ് പ്രധാന കാരണമെന്ന് 2015 ജൂണില്‍ യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മനുഷ്യാവകാശ ലംഘനങ്ങള്‍, പരിസ്ഥിതിയും കാലാവസ്ഥയും, സാമ്പത്തിക ഞെരുക്കം എന്നിവയാണ് പാലായനത്തിന്റെ മറ്റു മുഖ്യ കാരണങ്ങള്‍. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ചു ലോകത്തു 65 മില്യണ്‍ അഭയാര്‍ത്ഥികള്‍ ഉണ്ടെന്നാണ് കണക്ക്. അതില്‍ പകുതിയും 18 വയസ്സിന് താഴെയുള്ളവരാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ദശലക്ഷക്കണക്കിന് രാജ്യമില്ലാത്ത ജനതയും ആ കൂട്ടത്തിലുണ്ട്. അതിനിയും വര്‍ധിക്കുമെന്നാണ് കണക്കുകള്‍ പറയുന്നതു.

“STEP WITH REFUGEES” എന്ന ആശയമാണ് 2020 ൽ ലോക അഭയാർത്ഥി ദിനം പ്രധാന വിഷയ മയെടുത്തിട്ടുള്ളത്.  ലോകത്തുനടക്കുന്ന   അക്രമത്താൽ ആയിരങ്ങൾ ഓരോദിവസവും സ്വന്തം ജീവൻ കാക്കാൻ അവരവരുടെ വീട് വിട്ടു ഓടേണ്ടി വരുന്ന അവസ്ഥയാണ് മുന്നിലുള്ളത്.   ലോകജനത അങ്ങനെയുള്ള വരുടെ കൂടെ നിൽക്കേണ്ട സമയമേത്തിയിരിക്കുന്നു.