ചൊവ്വാഴ്ച എസ്എഫ്‌ഐയുടെ സംസ്ഥാന വ്യാപക പഠിപ്പ്മുടക്ക്

0

ഇടുക്കി: ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധ സൂചകമായി ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പു മുടക്ക് സമരം നടത്തി പ്രതിഷേധിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്. സംഭവത്തിൽ ആസൂത്രിതമായാണ് അക്രമം നടന്നതെന്നും പോലീസ് ഇതില്‍ ശക്തമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ ക്യാമ്പസുകളിൽ അതിഭീകരമാംവിധമുള്ള അക്രമമാണ് വിവിധ ഘട്ടങ്ങളിലായി കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അതിന് എല്ലാവിധ സഹായവും ചെയ്തുകൊടുക്കുന്ന തരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പുറത്തുനിന്ന് സംഘടിതമായി മാരകായുധങ്ങളുമായി ക്യാമ്പസിനകത്ത് അതിക്രമിച്ച് കയറുകയും വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും സച്ചിൻ ദേവ് ആരോപിച്ചു.

ഇതിനിടെ എറണാകുളം മഹാരാജാസ് കോളജിൽ കെ എസ് യു പ്രവർത്തകർക്ക് മർദനം. ഇടുക്കി പൈനാവ് ഗവ.എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെയാണ് മർദനമേറ്റത്. പത്ത് കെ എസ് യു പ്രവർത്തകർക്ക് പരുക്കേറ്റു.