കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചു: സ്യൂചിക്ക് നാലു വര്‍ഷത്തെ തടവുശിക്ഷ കൂടി

1

മ്യാന്മറില്‍ സൈനിക ഭരണകൂടം അധികാരത്തില്‍ നിന്ന് പുറന്തള്ളിയ ജനകീയ നേതാവ് ആങ് സാന്‍ സ്യൂചിക്ക് നാലു വര്‍ഷം കൂടി തടവുശിക്ഷ. കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചു, ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഈ മാസമാദ്യം നാല് വര്‍ഷം തടവിനു ശിക്ഷിച്ച ആങ് സാന്‍ സ്യൂചിയെ ഇന്ന് പുതിയ കുറ്റങ്ങള്‍ ചുമത്തിയാണ് നാലു വര്‍ഷം കൂടി തടവിനു ശിക്ഷിച്ചത്. നിയമവിരുദ്ധമായി വാക്കിടോക്കികള്‍ കൈയില്‍ വെച്ചു എന്നാണ് പുതിയ കുറ്റം.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സ്യൂചി സര്‍ക്കാറിനെ അട്ടിമറിച്ച ശേഷം പട്ടാള ഭരണകൂടം സ്യൂചിയുടെ വസതിയില്‍ നടത്തിയ തെരച്ചിലില്‍ ഈ ഉപകരണങ്ങള്‍ കണ്ടെടുത്തു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഈ ആരോപണം സ്യൂചി നിഷേധിച്ചിട്ടുണ്ട്. എന്നാല്‍, ഈ വാദം മുഖവിലയ്ക്ക് എടുക്കാതെയാണ് മ്യാന്‍മര്‍ കോടതി സ്യൂചിക്ക് വീണ്ടും തടവുശിക്ഷ വിധിച്ചത്. സ്യൂചിയുടെ അഭിഭാഷകര്‍ മാധ്യമങ്ങളെ കാണരുതെന്നും കോടതി നടപടികള്‍ പുറത്തുവിടരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെയുള്ള നാലു വര്‍ഷത്തെ ജയില്‍ശിക്ഷ പിന്നീട് രണ്ട് വര്‍ഷമായി കുറിച്ചിരുന്നു. പുതിയ ശിക്ഷ കൂടി വന്നതോടെ ഇനി ആറു വര്‍ഷം സ്യൂചി ജയിലില്‍ കിടക്കേണ്ടി വരും.

ഡിസംബര്‍ 16ന് ജയില്‍വേഷമായ വെള്ള ടോപ്പും ബ്രൗണ്‍ നിറത്തിലുള്ള ഉടുപ്പും ധരിച്ച് തലസ്ഥാന നഗരത്തിലെ കോടതിയില്‍ എത്തിയ സ്യൂചിയുടെ ദൃശ്യങ്ങള്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിരുന്നു. നേരത്തെയും തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടുവെങ്കിലും, ജയില്‍ വേഷത്തിനു പകരം, സാധാരണ വേഷം ധരിച്ചാണ് മുമ്പൊക്കെ അവര്‍ കോടതിയില്‍ എത്തിയിരുന്നത്. കോടതി ശിക്ഷിച്ചെങ്കിലും സ്യൂചിയെ ജയിലിലേക്ക് മാറ്റില്ല എന്നായിരുന്നു സൈനിക ഭരണത്തലവന്‍ മിന്‍ ഹോംഗ് ലെയിന്‍ അറിയിച്ചിരുന്നത്. സ്യൂചിക്കൊപ്പം കുറ്റവിചാരണ ചെയ്യപ്പെട്ട മുന്‍ മ്യാന്മര്‍ പ്രസിഡന്റും സ്യൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസി പാര്‍ട്ടി സഖ്യനേതാവുമായ വിന്‍ മ്യിന്റും കോടതിയില്‍ ജയില്‍ വേഷം ധരിച്ച് എത്തിയിരുന്നു. വാഗദ്ാനങ്ങള്‍ ലംഘിച്ച് സ്യൂചിയെ ജയിലില്‍ അടച്ചതായാണ് ഇപ്പോള്‍ തെളിയുന്നത്.

നൊബേല്‍ സമ്മാന ജേതാവായ സ്യൂചിയെ സൈനിക ഭരണകൂടം കര്‍ശനമായി നേരിടുകയാണ് എന്നതിന്റെ സൂചനയാണ് ഇതെന്ന് നിരീക്ഷണങ്ങളുണ്ടായിരുന്നു. അത് ശരിവെക്കുന്നതാണ് പുതിയ കോടതി വിധി. ആരോപണങ്ങളെല്ലാം നിലവില്‍ സ്യൂചി നിരസിക്കുകയും ചെയ്തിട്ടുണ്ട്. 100 വര്‍ഷമെങ്കിലും തടവു ശിക്ഷ വിധിക്കാവുന്നതാണ് 76 കാരിയായ സ്യൂചിക്കെതിരെ ചുമത്തിയ കേസുകളെല്ലാം.