കഠിനംകുളം കൂട്ടബലാത്സംഗം: ഒളിവിലായിരുന്ന പ്രതിയും പിടിയില്‍

0

തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന പ്രതി യും പിടിയിലായി. യുവതിയെ കൊണ്ടുപോയ ഓട്ടോറിക്ഷയുടെ ഡ്രൈവറായ പള്ളിപ്പുറം പുതുവല്‍ പുത്തന്‍വീട്ടില്‍ നൗഫല്‍ ഷാ (27) യാണ് പിടിയിലായത്. ഇയാൾ കഴിഞ്ഞ ദിവസം ഒളിവിൽ പോയിരുന്നു. പീഡനത്തിനിരയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞതിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.

യുവതിയെ ബലമായി മദ്യം കുടിപ്പിച്ചശേഷം ക്രൂരമായി പീഡിപ്പിച്ച കേസിൽ ഭർത്താവ് ഉൾപ്പെടെ 6 പ്രതികളെ കഴിഞ്ഞ ദിവസം തന്നെ പിടികൂടിയിരുന്നു. ഭർത്താവ്, സുഹൃത്തുക്കളായ ചാന്നാങ്കര ചാന്നാങ്കര ആറ്റരുകത്ത് വീട്ടില്‍ മന്‍സൂര്‍ (40), ചാന്നാങ്കര പുതുവല്‍ പുരയിടത്തില്‍ അക്ബര്‍ ഷാ (20), ചാന്നാങ്കര അന്‍സി മന്‍സിലില്‍ അര്‍ഷാദ് (35), വെട്ടുതുറ പുതുവല്‍ പുരയിടത്തില്‍ രാജന്‍ സെബാസ്റ്റ്യന്‍ (62), ചാന്നാങ്കര റാഹത്ത് റോഡില്‍ പുതുവല്‍ പുരയിടം വീട്ടില്‍ മനോജ് (24) എന്നിവരെ വിഡിയോ കോൺഫറൻസ് വഴി മജിസ്ട്രേട്ടിന്റെ മുൻപിൽ ഹാജരാക്കി ശേഷം സബ് ജയിലിലേക്ക് അയച്ചു. ഇവരിൽ മൻസൂർ, അക്ബർഷാ, അർഷാദ് എന്നിവർക്കെതിരെ പീഡനത്തിനു പുറമേ പോക്സോ നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. നാലാംപ്രതി പള്ളിപ്പുറം പുതുവല്‍ പുത്തന്‍വീട്ടില്‍ നൗഫല്‍ ഷായുടെ ഓട്ടോയിലാണ് യുവതിയെ പത്തേക്കറിനുസമീപത്തെ കാട്ടിലെത്തിച്ചത്. പ്രതികളുടെപേരില്‍ കൂട്ടബലാത്സംഗം, പിടിച്ചുപറി കേസുകളും ചുമത്തിയിട്ടുണ്ട്.

ഭർത്താവ് ഉൾപ്പെടെ ചില പ്രതികളും അവരുടെ ബന്ധുക്കളും ഭീഷണിപ്പെടുത്തിയെന്ന് രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്ട്രേട്ടിനോട് യുവതി പറഞ്ഞതിനാൽ ഇവരെയും 4 വയസ്സുള്ള മകനെയും നെട്ടയത്തുള്ള മഹിളാ മന്ദിരത്തിലേക്ക് കോടതിയുടെ തീരുമാനപ്രകാരം മാറ്റി. അമ്മയെയും തന്നെയും ബലമായി ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയതു മുതൽ ഉപദ്രവിച്ച കാര്യം വരെ പറഞ്ഞ് നാലുവയസ്സുകാരൻ നൽകിയ മൊഴിയാണ് കേസിൽ പ്രതികൾക്കെതിരായ ബലമായ കുരുക്കായതെന്നു പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് ബീച്ചിലേക്ക് കൊണ്ടുപോകാമെന്നുപറഞ്ഞ് ഭര്‍ത്താവ് യുവതിയെയും രണ്ടുമക്കളെയും കഠിനംകുളത്തെ പരിചയക്കാരന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചത്.