കിടിലൻ മാസ് ആക്ഷൻ ത്രില്ലർ എന്ന് തന്നെ പറയാവുന്ന സിനിമ. പടം തുടങ്ങി അവസാനിക്കും വരെ ത്രില്ലടിച്ചു കാണാനുള്ള എല്ലാ വകുപ്പുകളും  ഗംഭീരമായി തന്നെ കൂട്ടിയിണക്കി അവതരിപ്പിച്ചിട്ടുണ്ട് സിനിമയിൽ. ?

കാർത്തിയുടെ കരിയറിൽ ‘തീര’നു ശേഷം അതുക്കും മേലെ പോയ ഒരു ഉഗ്രൻ കഥാപാത്രമായി മാറുന്നു ദില്ലി. കഴിവുണ്ടായിട്ടും ഏറെക്കുറെ ഫീൽഡ് ഔട്ടായ പോലെ  നിന്നിരുന്ന നരേനെ സംബന്ധിച്ച് ഈ സിനിമയിലെ ബിജോയ് എന്ന കഥാപാത്രം വലിയൊരു തിരിച്ചു വരവായി വിലയിരുത്തപ്പെടും എന്നതിൽ സംശയമില്ല. ?

‘മാനഗരം’ സിനിമയിലൂടെ തന്നെ ലോകേഷ് കനകരാജിന്റെ സ്ക്രിപ്റ്റ് മികവും സംവിധാന മികവുമൊക്കെ ബോധ്യപ്പെട്ടതെങ്കിലും രണ്ടാമത്തെ പടത്തിലൂടെ ആ ഗ്രാഫ് വീണ്ടും ഉയരത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു അയാൾ. ?

ഒരൊറ്റ രാത്രിയിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ വന്നു പോകുന്ന കുറെ കഥാപാത്രങ്ങളെ എത്ര ഗംഭീരമായി കോർത്ത് വച്ച് കൊണ്ടാണ് ലോകേഷ്  കഥ പറയുന്നത്. ഹരീഷ് ഉത്തമന്റെ വില്ലൻ കഥാപാത്രത്തിനൊക്കെ   ജയിലിനുള്ളിലെ സീനുകൾ മാത്രമേ ഉള്ളൂ.  എന്നിട്ട്  പോലും ആ കഥാപാത്രത്തിന്റെ വില്ലത്തരവും പിരിമുറുക്കങ്ങളുമൊക്കെ ഭീകരമായി തന്നെ അനുഭവപ്പെടുന്നു. ?

ദില്ലിയുടെ ഫ്ലാഷ് ബാക്ക് സീനുകളിലേക്ക് പോകാതെ ദില്ലിയുടെ മുഖത്തേക്ക് ഒരൊറ്റ ക്ലോസപ്പ് ഷോട്ടിൽ കൂടി കുറഞ്ഞ മിനുട്ടുകൾ കൊണ്ട് അയാളുടെ ഭൂതകാലം വൈകാരികമായി  പറഞ്ഞു വക്കുന്നു. ദില്ലി എന്ന കഥാപാത്രത്തിന്റെ കനം ആ സീനിൽ നിറഞ്ഞു നിക്കുന്നുണ്ട്. കാർത്തിയിൽ തീർത്തും ഭദ്രമായിരുന്നു ദില്ലി. ?

തീരനിലെ ബസ് ചേസിംഗ് സീനിനെ ഓർമ്മപ്പെടുത്തും വിധമുള്ള രാത്രിയിലെ ലോറി ചേസിംഗ് സീനുകളൊക്കെ അസാധ്യമായിട്ടു തന്നെ ക്യാമറയിൽ ഒപ്പിയെടുത്തിട്ടുണ്ട് സത്യൻ സൂര്യൻ എന്ന ഛായാഗ്രാഹകൻ. ??

കൈതി ഇത്രത്തോളം ത്രില്ലടിപ്പിച്ച ഒരു ആക്ഷൻ ത്രില്ലർ ആയതിൽ എടുത്തു പറയേണ്ട മറ്റൊന്ന് സാം സി.എസിന്റെ സൗണ്ട് ട്രാക്കുകളാണ്. തുടക്കം മുതൽ ഒടുക്കം വരെ ആ ശബ്ദ വിസ്മയം സിനിമക്കൊപ്പം തന്നെ ത്രില്ലടിപ്പിച്ചു ആസ്വദിപ്പിച്ചു എന്ന് പറയാം. ??

ഒരു സംബന്ധവുമില്ലാത്ത ദില്ലി എന്തിനു വേണ്ടി പോലീസിന്റെ കൂടെ ചേർന്ന് ഇതൊക്കെ ചെയ്തു എന്ന ചോദ്യത്തിന് ഒരു രണ്ടാം ഭാഗം കൊണ്ട് തന്നെ ഉത്തരം പറയേണ്ടി വരും.