കണ്ണൂരിൽ ബോംബേറുണ്ടാകുമെന്ന് രഹസ്യ വിവരം

0

കണ്ണൂർ: കണ്ണൂരിൽ കനത്ത ജാഗ്രത. നേതാക്കളുടെ വീടിന് നേരെ ബോംബേറ് ഉണ്ടാകുമെന്ന് ഇന്റലിജൻസ് വിവരം ലഭിച്ചതോടെയാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടത് മുന്നണി കൺവീനർ ഇപി ജയരാജന്റെയും കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു. ജില്ലയിലേക്ക് മറ്റിടങ്ങളിൽ നിന്നും കൂടുതൽ പൊലീസിനെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണ സാധ്യതയെന്നും ഇന്റലിജൻസ് വിവരമുണ്ട്. ഈ പശ്ചാത്തലത്തിൽ ഓഫീസുകളുടെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അദ്ദേഹം കയറിയ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നടപടിക്ക് പിന്നാലെ സംസ്ഥാനത്ത് പരക്കെ അക്രമം. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ കെപിസിസി ആസ്ഥാനമടക്കം ആക്രമിക്കപ്പെട്ടു. ചിലയിടത്ത് കോൺഗ്രസും തിരിച്ചടിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ അക്രമം ഇപ്പോഴും നടക്കുകയാണ്.