ജനാര്‍ദ്ദന റെഡ്ഡിയുടെ ഭാര്യക്ക് 250 കോടിയുടെ ആസ്തി; 84 കിലോ സ്വര്‍ണവും വജ്രവും

0

ബെംഗളൂരു: ഖനന വ്യവസായിയും മുന്‍ ബിജെപി നേതാവുമായ ജനാര്‍ദ്ദന റെഡ്ഡിയുടെ ഭാര്യ ജി.ലക്ഷ്മിഅരുണയ്ക്ക് 250 കോടി രൂപ വിലമതിക്കുന്ന ആസ്തി. ജനാര്‍ദ്ദന റെഡ്ഡിയുടെ പുതിയ പാര്‍ട്ടിയായ കല്യാണ രാജ്യ പ്രഗതി പക്ഷ പാര്‍ട്ടി ടിക്കറ്റില്‍ ബെല്ലാരി സിറ്റിയില്‍ നിന്ന് ജനവിധി തേടുന്നുണ്ട് ലക്ഷ്മിഅരുണ.

തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 84 കിലോ സ്വര്‍ണവും വജ്രവും 437 കിലോ വെള്ളി എന്നിവയുള്‍പ്പടെ 250 കോടി രൂപയുടെ ആസ്തിയാണ് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. ബാധ്യതകളൊന്നും ഇല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജനാര്‍ദ്ദന റെഡ്ഡി ബിജെപി വിട്ട് കല്യാണ രാജ്യ പ്രഗതി പക്ഷ പാര്‍ട്ടി രൂപീകരിച്ചത്. കൊപ്പല്‍ ജില്ലയിലെ ഗംഗാവതി മണ്ഡലത്തില്‍ നിന്നാകും ജനാര്‍ദ്ദന റെഡ്ഡി മത്സരിക്കുക.

ഭാര്യയേക്കാള്‍ കൂടുതല്‍ വജ്രങ്ങളും സ്വര്‍ണവും സ്വന്തമായുണ്ടെങ്കിലും നിക്ഷേപത്തിന്റെ കാര്യത്തില്‍ 47 കാരിയായ ലക്ഷ്മിഅരുണ ഭര്‍ത്താവിനേക്കാള്‍ മുന്നിലാണ്. താനും ഭര്‍ത്താവും കൃഷിയും ബിസിനസും നടത്തുന്നവരാണെന്ന് ക്ഷ്മിഅരുണ സത്യവാങ്മൂലത്തില്‍ കുറിച്ചിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി, ട്രാവല്‍, ഖനനം, ഏവിയേഷന്‍, കെമിക്കല്‍ മേഖലകളിലായി പത്തോളം കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ലക്ഷ്മിഅരുണയുടെ നിക്ഷേപം 79 കോടി രൂപയും ഭര്‍ത്താവിന്റെ നിക്ഷേപം ഏകദേശം 21 കോടി രൂടി രൂപയാണെന്നാണ് കാണിച്ചിട്ടുള്ളത്.

എന്നാല്‍ ഇത്രയൊക്കെ നിക്ഷേങ്ങളും ആസ്തിയും ഉണ്ടായിട്ടും ഇരുവര്‍ക്കും സ്വന്തം പേരില്‍ ഒരു വാഹനവും ഇല്ലെന്നതാണ് സത്യവാങ്മൂലത്തിലെ കൗതുകം. കര്‍ണാടകയിലും ആന്ധ്രപ്രദേശിലുമായി 93 കൃഷിയിടങ്ങള്‍ ലക്ഷ്മിഅരുണയ്ക്ക് സ്വന്തമായുണ്ട്.