ഇന്ത്യയുൾപ്പെടെ 7 രാജ്യക്കാർക്ക് പാസ്പോർട്ടിൽ ഇനി സൗദി വീസ പതിപ്പിക്കേണ്ട

0

റിയാദ് ∙ ഇന്ത്യക്കാർക്കുള്ള സൗദി വീസയ്ക്ക് അടുത്ത മാസം ഒന്നു മുതൽ പുതിയ മുഖം. അനുവദിച്ചിട്ടുള്ള വീസയുടെ ക്യൂ ആർ കോഡ് റീഡ് ചെയ്യാൻ കഴിയുന്ന തരത്തിൽ പ്രിന്റ് ചെയ്ത പേപ്പറുമായി എയർപോർട്ടിൽ എത്തിയാൽ മതിയാകുമെന്ന് സൗദി അതോറിറ്റി ഓഫ് ജനറൽ ഏവിയേഷൻ (ഗാക) പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഇനി മുതൽ ഇന്ത്യൻ പാസ്പോർട്ടിൽ സൗദി അറേബ്യയിലേക്കുള്ള തൊഴിൽ, സന്ദർശന, റസിഡന്റ് വീസകൾ പതിക്കില്ല. 2023 േമയ് ഒന്നു മുതലാണ് പുതിയ സംവിധാനം നടപ്പിലാവുക.

ഇന്ത്യയെ കൂടാതെ യുഎഇ, ഈജിപ്ത്, ജോർദാൻ, ഇന്തോനീഷ്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കും പുതുക്കിയ വീസ നിയമം ബാധകമാണ്. വീസ സ്റ്റിക്കർ പാസ്പോർട്ട് പേജിൽ ഒട്ടിച്ചു ചേർക്കുന്ന രീതിയാണ് ഒഴിവാക്കിയത്. പകരം വീസ വിവരങ്ങളടങ്ങിയ ക്യൂആർ കോഡ് പ്രത്യേക എ4 സൈസ് പേപ്പറിൽ പതിച്ചത് ലഭ്യമാകും. ഇത് എയർപോർട്ടുകളിൽ സ്കാൻ ചെയ്യും. വിമാന കമ്പനികൾ ഈ തീരുമാനം അനുസരിക്കണമെന്നും അല്ലാത്ത പക്ഷം നിയമലംഘനമായി കണക്കാക്കുമെന്നും ഗാക വ്യക്തമാക്കി.

ഈ വർഷം മുതൽ ഹജ് വീസക്ക് നടപ്പിൽ വരുത്തിയ അതേ നടപടിക്രമമാണ് മറ്റു വീസകളിലും നടപ്പാക്കുന്നതെന്നാണ് ഡൽഹിയിലെ സൗദി കോൺസുലേറ്റ് ഇത് സംബന്ധിച്ച് നൽകുന്ന സൂചന. സൗദി എംബസിയിൽ നിന്നോ കോൺസുലേറ്റിൽ നിന്നോ പാസ്പോർട്ടിൽ വീസ സ്റ്റിക്കർ പതിപ്പിക്കുന്ന നിലവിലെ സംവിധാനമാണ് നിർത്തുന്നത്. സൗദി എംബസിയോ, കോൺസുലേറ്റോ പകരം നൽകുന്ന വീസ വിവരങ്ങളുടെ ക്യൂആർ കോഡ് ഉള്ള പ്രിന്റൗട്ട് ഉപയോഗിച്ച് യാത്ര ചെയ്യാം.