ബക്കിങ്ഹാം കൊട്ടാരത്തെ ചൂഴ്ന്ന് ക്യാൻസർ; ചാൾസിനു പുറകേ രോഗവിവരം പുറത്തു വിട്ട് കേറ്റ് മിഡിൽറ്റണും

0

ലണ്ടൻ: അപ്രതീക്ഷിതമായി പിടി മുറുക്കിയ ക്യാൻസറിനെ അതിജീവിക്കുന്നതിനുള്ള പോരാട്ടത്തിലാണിപ്പോൾ ബ്രിട്ടീഷ് രാജകുടുംബം. ചാൾസ് രാജാവിന് പിന്നാലെ ചാൾസിന്‍റെ മകൻ വില്യമിന്‍റെ ഭാര്യയും വെയിൽസ് പ്രഭ്വിയുമായ കാതറിൻ (കേറ്റ്) മിഡിൽറ്റണും താൻ അസുഖ ബാധിതയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയിൽ കേറ്റിന്‍റെ വയറിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയ സമയത്ത് കേറ്റിൽ ക്യാൻസറിന്‍റെ സാനിധ്യം സ്ഥിരീകരിച്ചിരുന്നില്ല. പിന്നീട് ശസ്ത്രക്രിയയ്ക്കു ശേഷം നടത്തിയ പരിശോധനകളിലാണ് ക്യാൻസർ സ്ഥിരീകരിച്ചതെന്നും താനിപ്പോൾ ചികിത്സയുടെ പ്രാരംഭ ഘട്ടത്തിലാണെന്നുമാണ് കേറ്റ് നേരിട്ട് വിഡിയോയിലൂടെ വെളിപ്പെടുത്തിയത്. കീമോതെറാപ്പിയ്ക്കും തുടക്കമായിട്ടുണ്ട്.

ക്യാൻസർ സ്ഥിരീകരിച്ചത് വലിയ ഞെട്ടലുണ്ടാക്കിയെങ്കിലും വില്യം താങ്ങായി ഒപ്പമുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായതിനാൽ തന്നെ ചികിത്സ ആരംഭിക്കാൻ സമയമെടുത്തു. പക്ഷേ അതിനേക്കാൾ എല്ലാം സമയമെടുത്തത് മക്കളായ ജോർജ്, ഷാർലറ്റ്, ലൂയിസ് എന്നിവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാനായിരുന്നു. 1.58 സെക്കന്‍റ് നീണ്ടു നിൽക്കുന്ന വീഡിയോയിലൂടെയാണ് 42കാരിയായ കേറ്റ് രോഗ വിവരം പെളിപ്പെടുത്തുന്നത്. കേറ്റിന്‍റെയും വില്യമിന്‍റെയും മക്കളായ ജോർജിന് 10 വയസ്സാണ്. രണ്ടാമത്തെ മകൾ ഷാർലറ്റിന് 8 വയസ്സും ലൂയിസിന് 5 വയസ്സുമാണ് പ്രായം. തനിക്ക് ഏതു വിധത്തിലുള്ള ക്യാൻസർ ആണ് ബാധിച്ചിരിക്കുന്നതെന്ന് കേറ്റ് വെളിപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ചികിത്സ പൂർത്തിയാക്കുന്നതിനും മറ്റും തനിക്കും തന്‍റെ കുടുംബത്തിന് സ്വകാര്യത ആവശ്യമാണെന്നും കേറ്റ് വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. അടുത്തിടെയായി കേറ്റും വില്യമും പൊതുചടങ്ങുകൾ ഒഴിവാക്കുന്നത് അഭ്യൂഹങ്ങൾ പടർത്തിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ ചാൾസ് രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. ചാൾസ് ഇപ്പോൾ ചികിത്സയിലാണ്. ചികിത്സയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ രാജകുടുംബം പുറത്തു വിട്ടിട്ടില്ല. ജനുവരിൽ ആൻഡ്രു രാജകുമാരന്‍റെ മുൻ ഭാര്യയും യോർക് പ്രഭ്വിയുമായ സാറയ്ക്ക് സ്കിൻ ക്യാൻസറാണെന്ന് സ്ഥിരീകരിച്ചിരുന്നു.