മൂന്ന് ഇന്നോവ ക്രിസ്റ്റ, ഒരു ടാറ്റാ ഹാരിയര്‍; മുഖ്യമന്ത്രിയുടെ എസ്കോർട്ടിനുള്ള വാഹന വ്യൂഹം പുതുക്കുന്നു

0

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പൈലറ്റും എസ്‌കോര്‍ട്ടുമായി പോകാന്‍ നാല് പുതിയ കാറുകള്‍ വാങ്ങുന്നു. പ്രത്യേക കേസായി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. പഴക്കം ചെന്ന രണ്ട് കാറുകള്‍ മാറ്റണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ അപേക്ഷയിലാണ് ലക്ഷങ്ങള്‍ മുടക്കി നാലു കാറുകള്‍ വാങ്ങാനുള്ള നടപടി.

കറുപ്പ് നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയറുമാണ് വാങ്ങുന്നത്. ഇതിനായി 62.46 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി. KL01 CD 4857 , KL01 CD 4764 എന്നീ നമ്പരുകളിലുള്ള രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് മുഖ്യമന്ത്രിയുടെ പൈലറ്റ് ‍ഡ്യൂട്ടിക്കായി ഉപയോ​ഗിച്ചിരുന്നത്. ഈ കാറുകൾ ഇനി മുതൽ ഈ ഉപയോ​ഗത്തിന് പറ്റുന്നതല്ലെന്ന് കാട്ടിയാണ് ആഭ്യന്തര വകുപ്പിന് പൊലീസ് മേധാവി കത്ത് നൽകിയത്. പൊലീസ് മേധാവിയുടെ ആവശ്യം പ്രത്യേക കേസായി പരി​ഗണിച്ചാണ് വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകിയത്.

പൈലറ്റ് എസ്കോർട്ട് സര്‍വീസിന് കാര്യക്ഷമത കുറഞ്ഞ വാഹനങ്ങള്‍ ഉപയോഗിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് പുതിയ കാറുകള്‍ വാങ്ങുന്നതെന്നാണ് വിശദീകരണം. എന്നാല്‍ രണ്ട് കാറുകള്‍ മാറ്റുന്നതിന് പകരമായി നാലു കാറുകള്‍ വാങ്ങുന്നതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ , ബാക്കി രണ്ട് വാഹനങ്ങള്‍ ടൂറിസം വകുപ്പിന് വേണ്ടിയാണ് ഉപയോഗിക്കുകയെന്നാണ് വിശദീകരണം. അടിയന്തിര സാഹചര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ആവശ്യത്തിനായി ഈ വാഹനങ്ങള്‍ ഉപോഗിക്കാന്‍ കഴിയുമെന്നും വകുപ്പ് ചൂണ്ടികാട്ടുന്നു.