കഴിഞ്ഞ രണ്ട് വർഷമായി കേരളത്തിൽ ആഗസ്ത് മാസം വന്നെത്തിയത് കൊടിയ ദുരിതങ്ങളുണ്ടാക്കിയ പ്രളയം സമ്മാനിച്ചുകൊണ്ടായിരുന്നു. മുൻപ് അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള യാതനകളാണ് അന്ന് കേരളം അഭിമുഖീകരിച്ചിരുന്നത്. ഏത് വെല്ലുവിളിയെയും ഒത്തൊരുമയോടെ നേരിടാനുള്ള മലയാളിയുടെ സ്ഥൈര്യവും ഒരുമയും കൊണ്ട് പ്രതിസന്ധികളെ നാം വിജയകരമായി അതിജീവിക്കുക തന്നെ ചെയ്തു. ക്രൈസിസ് മാനേജ്മെൻ്റിൽ നാം പ്രകടിപ്പിച്ച വൈദഗ്ദ്യം ലോകത്തിൻ്റെ തന്നെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി.

ഈ വർഷം ആഗസ്ത് കേരളത്തിലുണ്ടാക്കുന്നത് അതിലും വലിയ ദുരന്തങ്ങൾ തന്നെയാണ്. കേരളം കണ്ട ഏറ്റവും വലിയ വിമാന അപകടത്തിൽ നമുക്ക് നഷ്ടപ്പെട്ടത് 18 വിലപ്പെട്ട ജീവനുകളാണ്. അനേകം പേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലാണ്. ഇടുക്കിയിലെ രാജമലയിൽ അനുഭവപ്പെട്ട പ്രകൃതി ദുരന്തം അതിലും വലുതാണ്. രാജമലയിൽ ഉരുൾപൊട്ടിയതിൻ്റെ ഫലമായി ഇതിനകം തന്നെ 42 ജീവൻ പൊലിഞ്ഞിട്ടുണ്ട്. മൃതദേഹങ്ങൾക്കായുള്ള തെരച്ചെലുകൾ ഇപ്പോഴും തുടരുകയാണ്. അത്ര തന്നെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനുണ്ട്. അതിശക്തമായ ഭീഷണി ഇപ്പോഴും നിലനിൽക്കുകയാണ്. 7 ജില്ലകളിൽ റെഡ്‌ അലർട്ടും 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതിശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നത് കൊണ്ട് അണക്കെട്ടുകൾ തുറന്നു വിടേണ്ട അവസ്ഥയാണുള്ളത്. അപ്പോൾ ഉണ്ടാകുന്ന അവസ്ഥയെയും കരുതലോടെ തന്നെ നേരിടേണ്ടതുണ്ട്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുള്ള മുന്നൊരുക്കൾ ശാസ്ത്രീയമായി ഫലപ്രദമായി ആസൂത്രണം ചെയ്യേണ്ടതുണ്ട്.

ദുരന്ത മേഖലകളിൽ പൊതുജനം കാണിക്കുന്ന സഹകരണവും നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങളും ലോകത്തിന് തന്നെ മാതൃകയായിത്തീരുകയാണ്. നമ്മുടെ കൊച്ചു കേരളത്തിൻ്റെ, മലയാളികളുടെ ശക്തിയും ഊർജ്ജവും അത് തന്നെയാണ്. ആപത്തുകളെ ആത്മധൈര്യത്തോടെ നേരിടുന്ന ഒരു ജനതയുടെ ഇച്ഛാശക്തി, അതിന് നേതൃത്വം നൽകുന്ന സർക്കാർ. നാംഎല്ലാ പ്രതിസന്ധികളെയും അതിജീവിക്കുക തന്നെ ചെയ്യും.

അമിതമഴയ്ക്കുള്ള കാരണവും, മനുഷ്യന്റെ ഇടപെടലും

ഇത്തവണ കാലവര്‍ഷത്തിന്റെ ആദ്യ പകുതിയായ ജൂണ്‍-ജൂലൈ മാസങ്ങളില്‍ മഴ കുറഞ്ഞ് വരള്‍ച്ചയുടെ സ്വഭാവം പ്രകടമായിരുന്നുവെങ്കിലും ആഗസ്‌റ്റോടെ കാലാവസ്ഥാ സാഹചര്യങ്ങള്‍ മാറി. 2018 ലും 2019 ലും ഇതേ സാഹചര്യമാണ് മഴക്കാലത്തുണ്ടായത്. ഒറ്റ ദിവസം കൊണ്ട് 200 മി. മീ മുതല്‍ 400 മി.മീ വരെ മഴ ലഭിക്കുന്ന ഘട്ടത്തിലേക്ക് കാലവർഷം ശക്തിപ്പെട്ടു എന്ന് തന്നെ പറയാം. ശാസ്ത്രീയമായി പറയുകയാണെങ്കിൽ അതിതീവ്രമായ ഇത്തരം മഴയ്ക്ക് കാരണം മേഘ വിസ്ഫോടനം തന്നെയാണ്.( ഒരു ചെറിയ ഭൂപ്രദേശത്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ (ഒരു മണിക്കൂറിനുള്ളില്‍) ‘കൂമ്പാര മഴമേഘങ്ങള്‍’ എന്ന വിഭാഗത്തില്‍പ്പെട്ട മേഘങ്ങളില്‍ നിന്ന് ലഭിക്കുന്ന മഴയാണ് മേഘവിസ്ഫോടനം’ ).

ഇത്തരം മേഘങ്ങളില്‍ നിന്നാണ് ഇടിയോടു കൂടിയ മഴ ലഭിക്കുന്നത്. ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷത്തില്‍ സംവഹന പ്രക്രിയയിലൂടെയാണ് ‘കൂമ്പാരമേഘങ്ങള്‍’ (cumulus) ഉണ്ടാകുന്നത്. സാധാരണ ഗതിയില്‍ കാലവര്‍ഷകാലത്ത് ഇത്തരം രൂപം കൊള്ളാറില്ല. മേഘവിസ്ഫോടനം സൃഷ്ടിക്കുന്നതും കൂമ്പാരമേഘങ്ങളാണ്. ഓഗസ്റ്റ് മാസത്തിലും മഴയോടൊപ്പം ശക്തമായ ഇടിമുഴക്കം കേള്‍ക്കുന്നു എന്നതില്‍ നിന്ന് ഇത്തരം മേഘങ്ങളുടെ സാന്നിധ്യം നമുക്കുറപ്പിക്കാം. കാലാവസ്ഥാവ്യതിയാനങ്ങളിലെ മാറ്റവും ശക്തമായ മഴക്ക് കാരണമാണ്. അന്തരീക്ഷത്തിലെ താപനിലയിലുള്ള വ്യത്യാസമാണ് പ്രധാന കാരണം. ആഗോളതാപന സാഹചര്യങ്ങളില്‍ കൂടുതല്‍ അളവില്‍ ജലാംശമുള്ള മേഘങ്ങള്‍ രൂപീകരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.

അധിക ജലസാന്നിധ്യം മൂലം ‘കനമേറിയ’ ഇത്തരം മഴ മേഘങ്ങളില്‍ നിന്നാവാം പ്രളയത്തിനുവഴിയൊരുക്കുന്ന മഴത്തുള്ളികൾ രൂപപ്പെടുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദ സാന്നിധ്യം അതി തീവ്ര മഴയുടെ മറ്റൊരു നിർണായക ഘടകമാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമർദ്ദ വ്യൂഹങ്ങൾ കേരളത്തിലെ കാലവർഷത്തെ ശക്തിപ്പെടുത്തുന്നു. അങ്ങനെ മഴനീണ്ടുനിൽകുകയും പ്രളയത്തിന് വഴിവെക്കുകയും ചെയ്യുന്നു.

അന്തരീക്ഷത്തിലെ മാറ്റങ്ങൾക്ക് പ്രകൃതി മാത്രമല്ല കാരണം അതിന്റെ പ്രധാനകാരണക്കാരൻ നമ്മൾ മനുഷ്യർ തന്നെയാണ്. നമ്മുടെ ഭൂവിനിയോഗ ക്രമമാണ്. മനുഷ്യന്റെ ഭൂവിനിയോഗം കൊണ്ട് നമ്മുടെ ജലസംഭരണം, ജലനിര്‍ഗ്ഗമനം എന്നിവക്കുള്ള ഉപാധികള്‍ വലിയൊരളവില്‍ നഷ്ടമായിക്കൊണ്ടിരിക്കയാണ്. തോടുകള്‍, കുളങ്ങള്‍, നെല്‍വയലുകളും ഇല്ലാതാവുന്നതോടെ പ്രകൃതിയുടെ സന്തുലനാവസ്ഥതന്നെ താളം തെറ്റുന്നു. അധിക മഴപെയ്തതിനെ ഇത്തരം ജലസംഭരണികൾ ഉൾക്കൊണ്ടിരുന്നു.ഇവ മഴക്കാലത്തും വരൾച്ച ഘട്ടത്തിലും നമ്മുടെ സംരക്ഷണ വലയം തന്നെയായിരുന്നു. അത്തരത്തിലുള്ള സ്വാഭാവിക സംഭരണികള്‍ ഇല്ലാതാവുകയും അതിശക്തിയായി മഴ ലഭിക്കുകയും ചെയ്തതോടെയാണ് നാം പ്രളയ പെയ്തിനെ അഭിമുഖീകരിക്കേണ്ടിവന്നത്.

മാറുന്ന കാലാവസ്ഥയെയോ മഴയെയോ, വളരൾച്ചയോ തടുത്തുനിർത്താൻ നമുക്കാവില്ല. എന്നാൽ മഴക്കാലം കഴിയുമ്പോള്‍ പ്രളയത്തെപ്പറ്റിയും ഉരുള്‍ പൊട്ടലിനെ പറ്റിയും കാലാവസ്ഥ വ്യതിയാനത്തെ പറ്റിയും മറക്കുന്ന രീതി മാറ്റി പ്രകൃതിയെ എക്കാലവും സംരക്ഷിക്കുന്നതരത്തിലുള്ള ഭൂവിനിയോഗങ്ങൾ നടത്തിയാൽ നമ്മുടെ ഈ ദൈവത്തിന്റെ സ്വന്തം നാടിനെ ഒരു മഹാദുരന്തത്തിൽ നിന്നും നമുക്ക് രക്ഷിക്കാനായേക്കും…