ന്യൂഡല്‍ഹി: പരിസ്ഥിതി ആഘാതപഠനം 2020ന്റെ കരട് വിജ്ഞാപനത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. . ഇന്ന് വൈകീട്ട് വരെ കിട്ടുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിശോധിച്ചാവും അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുക.ഇതുവരെ നാലര ലക്ഷത്തിലധികം കത്തുകളാണ് പരിസ്ഥിതി മന്ത്രാലയത്തിന് കിട്ടിയത്.

നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള മെയില്‍ ഐഡി: [email protected]. മാര്‍ച്ച് 23നാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള നിര്‍ദേശങ്ങളിലെ ഭേദഗതിക്കായുള്ള കരട് വിജ്ഞാപനം തയ്യാറാക്കിയത്. ഏപ്രില്‍ 11ന് കരട് വിജ്ഞാപനം പൊതുജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു. കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍കൂടി പ്രസിദ്ധീകരിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടണമെന്ന നിര്‍ദേശങ്ങള്‍ മന്ത്രാലയം അംഗീകരിച്ചിട്ടില്ല.

ഇക്കാര്യത്തില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവും കേന്ദ്രം അവഗണിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നീക്കം ജനവിരുദ്ധമെന്നാണ് ചൂണ്ടിക്കാട്ടി വിവിധ മേഖലകളില്‍നിന്ന് വലിയ വിമര്‍ശനമാണ് ഉയരുന്നത്. രാജ്യത്തെ നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും കരടുനിര്‍ദേശങ്ങളെ എതിര്‍ത്തിട്ടുണ്ട്. ആവര്‍ത്തിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ കാണാതെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി വലിയ അപകടത്തിലേക്കെന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്.

പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ചുള്ള നിയമഭേദഗതിയുടെ കരട് വിജ്ഞാപനത്തിനെതിരെയുള്ള പ്രതിഷേധം അനവസരത്തിലാണെന്നും ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് കരട് വിജ്ഞാപനം മാത്രമാണെന്നും കേന്ദ്രവനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ ഇപ്പോൾ പ്രതിഷേധമുയർത്തുന്നത് അപക്വമാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

ഡല്‍ഹിയില്‍ പരിസ്ഥിതി മന്ത്രാലയത്തിന് മുന്നില്‍ ഇഐഎ ഭേദഗതിക്കെതിരേ ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു. പരിസ്ഥിതിയെ നശിപ്പിക്കുന്ന ഇഐഎ കരട് പിന്‍വലിക്കണമെന്നും രാജ്യത്തെ കൊള്ളടയിക്കാനുള്ളതാണ് ഈ നിര്‍ദേശമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

2016-ലെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടുള്ളതാണ് പുതിയ കരട്. ഖനികൾ, ജലസേചന പദ്ധതികൾ, വ്യവസായ യൂണിറ്റുകൾ, വലിയ കെട്ടിടസമുച്ചയങ്ങൾ, ദേശീയപാത, മാലിന്യസംസ്കരണ പ്ലാന്റുകൾ എന്നിവ നിർമിക്കുന്നതിനു മുന്നോടിയായുള്ള പരിസ്സ്ഥിതി ആഘാതപഠനം, ജനാഭിപ്രായം കേൾക്കൽ ഇവയാണ് വിജ്ഞാപനത്തിന്റെ ഉള്ളടക്കം. കുറേയേറെ പദ്ധതികളെ ജനാഭിപ്രായം കേൾക്കലിൽനിന്ന് കരട് വിജ്ഞാപനത്തിൽ ഒഴിവാക്കിയതാതാണ് പ്രധാന മാറ്റം.

കടലിലെയും കരയിലെയും എണ്ണ, പ്രകൃതിവാതക പര്യവേക്ഷണം, 25 മെഗാവാട്ടില്‍ താഴെയുള്ള ജലവൈദ്യുത പദ്ധതികള്‍, ചെറുതും ഇടത്തരവുമായ ധാതുഖനികള്‍, ചെറിയ ഫര്‍ണസ് യൂനിറ്റുകള്‍, ചെറുകിട സിമന്റ് ഫാക്ടറികളും ആസിഡ്-ചായം നിര്‍മാണ ഫാക്ടറികളും 25-100 കിലോമീറ്ററിനിടയ്ക്കുള്ള ദേശീയപാത വികസനം തുടങ്ങിയവയാണ് ഒഴിവാക്കിയത്. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചുള്ള ഒരുവിവരവും ജനത്തിനു നല്‍കേണ്ടതില്ലെന്നാണ് പുതിയ വിജ്ഞാപനത്തിലെ വ്യവസ്ഥ.