സി.എഫ്.തോമസ് എം.എല്‍.എ. അന്തരിച്ചു

0

കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും ചങ്ങനാശ്ശേരി എം.എല്‍.എയുമായ സി.എഫ്. തോമസ് (81) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുദിവസം മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1980 മുതൽ തുടർച്ചയായി ചങ്ങനാശേരിയിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. 1939 ജൂലൈ 30ന് സി.ടി. ഫ്രാന്‍സിസിന്റെയും അന്നമ്മ ഫ്രാന്‍സിസിന്റെയും മകനായാണ് ജനനം. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. തുടര്‍ന്ന് 1964ല്‍ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചങ്ങനാശ്ശേരി എസ്.ഡി. സ്‌കൂളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. കുഞ്ഞമ്മയാണ് ഭാര്യ. സൈജു, സിനി, അനു എന്നിവരാണ് മക്കള്‍. ലീന, ബോബി, മനു എന്നിവരാണ് മരുമക്കള്‍.

1980,1982,1987,1991,1996,2001,2006,2011,2016 എന്നീ വര്‍ഷങ്ങളില്‍ ചങ്ങനാശ്ശേരിയില്‍നിന്ന് നിയമസഭയിലെത്തി. 2001-06 യു.ഡി.എഫ്. മന്ത്രിസഭയില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കെ.എം.മാണിയുടെ മരണശേഷം പി.ജെ.ജോസഫിനൊപ്പം ചേർന്നു. നിലവിൽ കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാനാണ്. എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളിൽ അംഗമായിരുന്നു. കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. ചങ്ങനാശേരി ചെന്നിക്കര കുടുംബാംഗമാണ്.