ഗന്ധർവ ഗായകൻ യേശുദാസിനെ മാനസഗുരുവാക്കിയ എസ്. പി ബി…

0

ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്നു പറഞ്ഞാൽ  ചിലർ എങ്കിലും  അതാരാണ്  എന്ന് ചോദിച്ചേക്കും … എന്നാൽ എസ് പി ബാലസുബ്രഹ്മണ്യം എന്നോ, എസ് പി ബി എന്നോ,  ആണെങ്കിൽ മറുചോദ്യം ഉണ്ടാവില്ല …. അതാണ് എസ് പി ബി, യുടെ മായിക സംഗീത  ലോകം . ഇന്ത്യക്കാരുടെ , ലോകത്തെവിടെയും ഉള്ള ഇൻഡ്യാക്കാരുടെ ശ്വാസ നിശ്വാസ താളം പേറിയ ഗായകൻ കൂടി ആണ് എസ് പി ബി . ശങ്കരാഭരണം മുതൽ ഇൻഡ്യാക്കാർ നെഞ്ചിൽ എവിടെയോ തിരി കൊളുത്തി കെടാതെ സൂക്ഷിച്ച ഒരു നാദ വിസ്‌മയ വിളക്ക്.  … .നാല്പത്തിനായിരത്തോളം ചലച്ചിത്ര പിന്നണി ഗാനങ്ങൾ പാടി , ഏറ്റവും കൂടുതൽ ചലച്ചിത്ര ഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സ് നേടിയ താരകം കൂടിയാണ് എസ് പി ബി .

സംഗീതം പഠിച്ചിട്ടില്ലാത്ത എസ്സ് പി ബി എന്നാൽ എഞ്ചിനീയറിംഗ്  പഠനം വിധി പോലെ മാറ്റി വെച്ച്  പാട്ടിന്‍റെ എഞ്ചിനീയറിംഗ് ജീവിത വ്രതമാക്കി ജന മനസ്സുകൾ കീഴടക്കി സംഗീത ലോകത്തെ പടവൃക്ഷമായി   വളർന്നു പന്തലിച്ചു

എം എസ് വിശ്വനാഥന് മുന്നിൽ ആയിരുന്നു  ആദ്യ പാട്ടു പരീക്ഷണമെങ്കിലും പാട്ടിന്റെ പാലാഴി തുറക്കുന്നതിന് തമിഴ് ഒരു തടസ്സമായതോടെ  മാതൃ ഭാഷായായ തെലുങ്കിൽ ചില പാട്ടുകൾ പാടി…

എന്നാൽ വിധി ഈ നെല്ലൂർ കാരനായ യുവാവിനെ തമിഴിന്‍റെ ചലച്ചിത്ര ഗാന മേഖലയിൽ മുടി ചൂടാ മന്നൻ ആക്കി മാറ്റുകയായിരുന്നു. ഹരി കഥാ പ്രാസംഗികൻ ആയ അച്ഛനിൽ നിന്നുമാകാം ഭാവതാള ലയമുള്ള ഇമ്പമാർന്ന ശബ്ദം എസ്സ് പി ബി യിൽ വന്നു ചേർന്നത്..

എന്നാൽ ഒരിക്കൽ പോലും സംഗീതം ശാസ്ത്രീയമായി പഠിക്കാൻ പറ്റാതെയിരുന്നിട്ടും ഇന്ത്യൻ സിനിമാലോകം കണ്ട പ്രതിഭാധനനായ ഗായകൻ ആവാനാണ് കാലം എസ്സ് പി ബിയോട് പറഞ്ഞത് ..

തന്നിലെ ഗായക പ്രതിഭയെ തിരിച്ചരിറിഞ്ഞു അറുപത്തി ആറിൽ ആദ്യമായി അവസരം നൽകി വളർത്തിയ കോദണ്ഡപാണി തന്നെയാണ് എസ്സ് പി ബിയുടെ ഗുരുവും . ആ സ്മരണയിൽ ആണ് അദ്ദേഹം തന്‍റെ റോക്കോർഡിങ് സ്റ്റുഡിയോ ആ പേരിൽ തന്നെ തുടങ്ങിയതും

തമിഴ് സിനിമയുടെ തുടക്കം എം എസ്സ് നൽകിയ അവസരം തന്നെ ആയിരുന്നു . എല്ലാവരെയും പോലെ ആ പടം പുറത്തു വന്നില്ല.. എന്നാൽ രണ്ടാമതും എം എസ്സ് രക്ഷകനായി. പി സുശീല യോടൊപ്പം ഒരു യുഗ്മ ഗാനം പാടാൻ അവസരം … എന്നാൽ അവിടെയും നിരാശ ഉണ്ടാക്കിയെങ്കിലും ഒരു വമ്പൻ ഭാഗ്യം എസ് പി ബി യെ കാത്തിരുന്നു .. തമിഴ് സിനിമയുടെ പര്യായം എം ജി ആർ തന്‍റെ പടത്തിൽ എസ് പി ബി യുടെ ശബ്‍ദം തിരഞ്ഞെടുത്തു. അവിടെയും നിർഭാഗ്യം പനിയുടെ രൂപത്തിൽ പേടിപ്പിയ്ച്ചു എങ്കിലും ആ അവസരം നഷ്ടമാവാൻ എം ജി ആർ ഇടയാക്കിയില്ല… അങ്ങനെ ആ പാട്ട് ഒരു  സ്വർഗ്ഗ ഗായകനെ തമിഴ് മക്കൾക്ക് നൽകി . അവരുടെ പ്രിയപ്പെട്ട എസ് പി ബി.

ശങ്കരാഭരണം എന്ന ചിത്രത്തിൽ  എസ് പി പാടിയ പാട്ടുകൾ തെന്നിന്ത്യൻ സിനിമാ ലോകത്തു കൊടുങ്കാറ്റ് പോലെ വീശിയടിച്ചു . ശാസ്ത്രീയ സംഗീതം പഠിക്കാത്ത ഒരാളിന്‍റെ സ്വന തന്ത്രികളിൽ നിന്നല്ല ഈ ഗാനങ്ങൾ എന്ന് സാമാന്യ പ്രേക്ഷക ലോകത്തിനു അത്ഭുതം ആയിരുന്നു

ആദ്യമായി നായകൻ ആയി വെള്ളിത്തിരയിൽ വിരിഞ്ഞ എസ് പി എന്ന ഗുണ്ടുമണി നായകൻ ഏറെ പ്രശംസ പിടിച്ചുപറ്റി … കേട്ട് പരിചിതമായ ശബ്ദത്തിൽ നായകൻ പാടിയ പാട്ടുകൾ തരംഗമായി …അതിലെ ” മണ്ണിൽ ഇൻത കാതൽ ….” എന്ന ഗാനം ഗായകന്‍റെ മധുരം കഴിവുകളിലൂടെ തെന്നിന്ത്യ സിനിമാ ലോകം ആസ്വദിച്ചു ..അതിലെ എല്ലാ പാട്ടുകളും വൻ ഹിറ്റുകൾ ആയി ..

മലയാളത്തിൽ  കുറെ ഏറെ പാട്ടുകൾ എസ്സ് ബി പിയുടെ സ്വരമാധുരിമയിൽ പുറത്തു വന്നു .കടൽപ്പാലം എന്ന ചിത്രത്തിൽ വയലാറിന്‍റെ വരികൾക്ക് ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ .ഈ കടലും മറു കടലും ആയിരുന്നു ആദ്യ ഗാനം

മലയാളത്തിന്‍റെ ദേവ സ്വരം , ഗന്ധർവ ഗായകൻ യേശുദാസ് എസ് പി ബി ക്ക് മാനസഗുരു ആണ് . അത് അദ്ദേഹം പലപ്പോഴും പറയുമായിരുന്നു . പ്രതിഭയുടെ നിറവിൽ എങ്കിലും ദാസ് അണ്ണായോളം ഞാൻ വലുതല്ല എന്ന് അദ്ദേഹം പല വേദിയിലും പറഞ്ഞു ..ഒരു വേദിയിൽ ആ കാൽക്കളിൽ സാഷ്ടാംഗം വീണു പ്രണമിച്ചു എസ് പി . താൻ ആദ്യം ഗാനം പാടുമ്പോൾ തന്നെ വലിയ പ്രതിഭ ആയിരുന്നു ദാസ് അണ്ണ , അദ്ദേഹത്തിന്‍റെ ഒരു ഏകലവ്യനായ  ശിക്ഷ്യനായി നില്ക്കാന്‍ ആണ് എനിക്ക് ഇഷ്ടം എന്ന് എസ് പി പറഞ്ഞിട്ടുണ്ട്.

ഓംകാര നാദാനു (ശങ്കരാഭരണം-തെലുങ്ക്), തെരേ മേരേ ബീച് മേ (ഏക് ദുജേ കേലിയെ-ഹിന്ദി), വേദം അണുവണുവുന (സാഗരസംഗമം-തെലുങ്ക്), ചെപ്പലാനി (രുദ്രവീണ- ഉമണ്ടു ഗുമണ്ടു (സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗവായ്-കന്നഡ), തങ്കത്താമരൈ (മിന്‍സാരക്കനവ്-തമിഴ്) എന്നീ ഗാനങ്ങളിലൂടെ ആറ് തവണ ദേശീയ ചലച്ചിത്ര ഗാന പുരസ്‌കാരം നേടാൻ എസ് പിക്ക് കഴിഞ്ഞു .

ജീവിതം തന്നെ സംഗീതം ആയിരുന്നു എസ് പി ബാലസുബ്രഹ്മണ്യം  എന്ന എസ് പി ബി ക്ക്. എന്നാലും അഭിനയം ഡബ്ബിങ്  എന്നീ മേഘലകളിലും തിളങ്ങി  അദ്ദേഹം . കേളടി കണ്ടമണിയിൽ നായകൻ ആയി ..കാതലനിൽ പ്രഭുദേവയുടെ അച്ഛൻ വേഷം..പിന്നെ ഗുണ ..മാജിക് മാജിക് അങ്ങനെ കുറെ പടങ്ങൾ .

സുധ ചന്ദ്രൻ നായികയായ മയൂരി എസ് പി ബാലസുബ്രഹ്മണ്യം ആണ് സംഗീത സംവിധാനം നിർവഹിച്ചത് ..കന്യാകുമാരി ആയിരുന്നു ആദ്യ ചിത്രം പിന്നെ അൻപതോളം പടങ്ങൾ ..പലതും സൂപ്പർ ഹിറ്റ് ഗാനങ്ങൾ ..

ആന്ധ്രായിൽ മികച്ച ഡബ്ബിങ് ആര്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരജേതാവ് ആണ് എസ് പി ബി ….രജനീകാന്ത്, കമലഹാസൻ എന്നിവരുടെ മിക്ക പടങ്ങളും  എസ് പി ബി യുടെ ശബ്ദത്തിൽ ആണ് മൊഴി മാറി തെലുങ്കിൽ  പുറത്തു വന്നിട്ടുള്ളത് .

ഒരു പ്രതിഭാസം ആണ് അസ്തമിച്ചത് . ശാസ്ത്രീയ സംഗീതം പഠിക്കാതെ സിനിമാ ഗാന രംഗത്തെ മുടിചൂടാ മന്നൻ ആവുക …നാല് പതിറ്റാണ്ട് പാട്ടുകള്‍ പാടി ജന സഹസ്രങ്ങളിൽ വികാരമാവുക ….ഒരു ദിവസം പതിനേഴു പാട്ടു വരെ  റെക്കോർഡ് ചെയ്യുക …ഏറ്റവും കൂടുതൽ പാട്ടുകൾ പാടി ഗിന്നസ് റെക്കോഡ് കൈവരിക്കുക ….എല്ലാത്തിലും ഉപരി ഒരു തുറന്ന പുസ്തകം പോലെ ..പച്ച മനുഷ്യൻ ആയി എളിമയോടെ ജീവിക്കുക …..ഒരു യുഗം ആണ് അവസാനിച്ചത് …


തലമുറകളുടെ വ്യാപ്തിയിൽ സംഗീത വിപഞ്ചികയിൽ സിനിമാ സംഗീതത്തെ ആത്മാവിലും ശരീരത്തിലും കൊണ്ട് നടന്ന അത്ഭുതം ആയിരുന്നു എസ് പി ബി  എന്ന മൂന്ന് അക്ഷരങ്ങൾ …..സുശീലാമ്മയോടൊപ്പം പാടി തുടങ്ങി മുതുമുത്തച്ഛൻ ആയി കൊച്ചു കുട്ടികളോടൊപ്പം വരെ വേദികൾ പങ്കിട്ട വലിയ മനസ്സിന് ഉടമ ആയിരുന്നു അദ്ദേഹം. എളിമ എന്ന ഗുണം ഒരു വാക്കിലും നോക്കിലും ചേഷ്ടയിലും ചിന്തയിലും എന്നും അദ്ദേഹം കൂടെ കൊണ്ട് നടന്നു….ഭൂഗളത്തിലെ ഓരോ ഇടത്തിലും നക്ഷത്ര ഗായകനായി പാറി നടന്നു പാടി വേദികളെ സന്തോഷത്തിര കളിൽ ശ്വാസം പിടിച്ചു നിർത്തി എസ് പി ബി….

എം എസ് വിശ്വനാഥൻ ഈണമിട്ട എങ്കേയും എപ്പോതും സംഗീതം സന്തോഷം , ആയ പാട്ടു പോലെ തന്നെ ജീവിതം സംഗീത സന്തോഷം ആക്കാൻ അദ്ദേഹം ഏപ്പോഴും ചിരി തൂകി നിന്നു .

ഒരു പക്ഷെ ലോകം വിറങ്ങലിച്ചു നിൽക്കുന്ന കോവിഡ്, ഇന്ത്യയിൽ നിന്ന് കൊണ്ട് പോയ വിലപ്പെട്ട ഒരു സമ്പാദ്യം  എസ് പി ബി എന്ന വികാരം ആയിരിക്കും , ആ സംഗീതം , ആ സ്വരം ആയിരിക്കും .

നിയോഗം പോലെ തന്നിലേക്ക് വന്ന ചലച്ചിത്ര  സംഗീത ലോകത്തിലെ സുവണ്ണ മകുടം ഒരിക്കലും അദ്ദേഹത്തെ ജീവിത്തിനും സംഗീതത്തിനും മുന്നിൽ ഒരിക്കലും മതി മറന്നില്ല.. ഒരു സംഗീത മത്സര വേദിയിൽ ജഡ്ജ് ആയി വന്ന ശ്രീ കോതണ്ഡപാണി നേരിട്ട് വന്നു നൽകിയ പാട്ടിൽ നിന്ന് ഒരു സംസ്കാരത്തിന്‍റെ ശബ്ദമായി മാറി എസ് പി ബി ..ഒരു പക്ഷെ ഇനിയുള്ള രാവുകൾ  ആ പാട്ടിനു കാതോര്‍ക്കും “ആയിരം നിലവേ വാ” ….

“തെരേ മേരേ ബീച്ച് മേം  കൈസാ ഹേ യേ ബൻധൻ ” ഏക് ത്തുജേ കേലിയേ  എന്ന ചിത്രത്തിലെ , ലതാജികൊപ്പം പാടിയ  ഈ ഗാനം ഒരിക്കൽ പോലും മൂളാത്ത ഇന്ത്യൻ ചിലച്ചിത്ര സംഗീത പ്രേമികൾ ഉണ്ടാവില്ല ………..ഇന്ന് അതേ വരികൾ ഒരു വിങ്ങലായി നിറയുന്നു   കോവിഡ് കാല വേദനയായി

2001 ൽ  പത്മശ്രീയും , 2011 ൽ പത്മഭൂഷണും  നേടി, ഇന്ത്യയുടെ ഹൃദയ രാഗ ഭാഗമാകുമ്പോഴും എണ്ണിയാൽ തീരാത്ത ബഹുമതികൾ കൂടെ പോരുമ്പോഴും ആ മൂന്ന് അക്ഷരങ്ങൾ സംഗീത പ്രേമികളുടെ മനസ്സിനോട് ചേർന്ന് നിൽകാൻ കാരണം ഓമനത്തമുള്ള ആ രൂപവും മധുമുള്ള ആ  ദൈവിക ശബ്ദവും ആണ് .

കേളടി കൺമണിയിലെ പാട്ടിനു പിന്നിലെ രഹസ്യം ടെക്‌നോളജി മാത്രം ആണെന്ന് തുറന്നു പറഞ്ഞു അതിന്‍റെ ക്രെഡിറ്റ് എടുക്കാൻ എനിക്ക് ഇഷ്ടമില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് .

മറക്കാത്ത,മറക്കാൻ പറ്റാത്ത കുറെ ഗാനങ്ങൾ എസ് പി ബി യുടെ സ്വന തന്ത്രികൾ കേൾവിക്കാരുടെ ഹൃദയത്തിലേക്ക് നൽകിയിട്ടുണ്ട് . മോഹൻലാൽ സിനിമ ആയ യാത്രാമൊഴിയിലെ കാക്കാല കണ്ണമ്മ , മമ്മൂട്ടി അഭിനയിച്ച ദളപതി യിലെ കാട്ടുകുയിലേ ,റോജയിലെ കാതൽ റോജാവേ ,പൂപോകും ഓസെ -മിൻസാര കനവ് , സുന്ദരീ കണ്ണാൽ ഒരു -ദളപതി ,മുത്തുമണി മാല – ചിന്ന കൗണ്ടർ ,അഞ്ജലി അന്ജലീ, ദീദി തേര ധീവർ ദീവാന, …………. നാല്പത്തിനായിരത്തിൽ നിന്ന് തിരഞ്ഞു പിടിച്ചു ചിലവ മാത്രം നിർത്തുക ഏറെ പണിപ്പെട്ട കർമമാണ് 

മറക്കുവാനാവാത്ത സ്വര കണങ്ങൾ വാരി തൂകി എസ്സ് പി ബി എന്ന താരകം വിണ്ണിലേക്കു തിരികെ പോകുമ്പോള്‍ ഓരോ ശബ്ദ വീചിയും ആ മഹാ മനുഷ്യന്‍റെ പാട്ടീണം ആയിട്ടാവും ഓരോ സംഗീത പ്രേമിയുടെയും കാതില്‍ വീഴുക …മനസ്സറിഞ്ഞ പ്രാർത്ഥനകൾ കോവിഡ് എന്ന രോഗത്തെ മാറ്റി എങ്കിലും ശ്വാസം പിടിച്ചു പാടി കേൾവിക്കാരെ പിടിച്ചിരുത്തിയ ആ നാദം അവസാനമായി ,നഷ്ട്ങ്ങൾ മാത്രം വരുത്തി എല്ലാവരെയും വിട്ടു പോയി …എസ് പി ബി ക്കു പ്രണാമങ്ങൾ …