കോവിഡ് പ്രതിരോധത്തിലെ കേരള മാതൃക; ബിബിസി വേൾഡ് ന്യൂസിൽ അതിഥിയായി മന്ത്രി കെ.കെ. ശൈലജ

0

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ദൈവത്തിന്റെ സ്വന്തം നാടായ കേരളം കൈകൊണ്ട മാതൃക രാജ്യാന്തര മാധ്യമം ബിബിസിയിൽ തൽസമയം വിശദീകരിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. തിങ്കളാഴ്ച രാത്രി ഒമ്പതിന് ബി.ബി.സി. വേൾഡ് ന്യൂസിലാണ് മന്ത്രി അതിഥിയായത്. അഞ്ചുമിനിറ്റ് നീണ്ട അഭിമുഖം തിരുവനന്തപുരത്തുനിന്ന് ലൈവായി സംപ്രേഷണം ചെയ്യുകയായിരുന്നു. തൽസമയ ചർച്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലും വളരെ വേഗം വൈറലായി.

കേരളത്തിന്റെ പ്രതിരോധപ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ബിബിസി ഈ ചർച്ചയ്ക്കൊപ്പം നൽകി. ആർദ്രം പദ്ധതിയെ കുറിച്ചും പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു. ചൈനയിലെ വുഹാനിൽ രോഗം റിപ്പോർട്ടുചെയ്തപ്പോൾത്തന്നെ സംസ്ഥാനത്തും പ്രത്യേക കൺട്രോൾ റൂ തുറന്ന് മുന്നൊരുക്കങ്ങൾ നടത്താനായത് നേട്ടമായെന്ന് മന്ത്രി പറഞ്ഞു.

രണ്ടാംഘട്ടത്തിൽ രോഗനിർണയത്തിന് പരിശോധനാ സംവിധാനങ്ങളൊരുക്കി. പുറത്തുനിന്നെത്തുന്നവരെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും റോഡുകളിലും നിരീക്ഷിക്കാൻ സംവിധാനം സജ്ജമാക്കി.കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. വിവിധയിടങ്ങളില്‍ നിന്നും എത്തിയവരെ പരിശോധിച്ചതിനൊപ്പം രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഐസലേറ്റ് ചെയ്തു. രോഗ വ്യാപനം തടയാൻ ഇതു സഹായിച്ചുവെന്നും മന്ത്രി വിശദീകരിച്ചു.

രോഗലക്ഷണമുള്ളവരെ പ്രത്യേകം കരുതലിൽ പാർപ്പിച്ചു. സ്രവസാംപിൾ പരിശോധനയ്ക്കയക്കുകയും രോഗം സ്ഥിരീകരിച്ചാൽ ചികിത്സാകേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്യുന്ന രീതിയാണ് സംസ്ഥാനം സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. പ്രവാസികളുടെയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിവരുന്ന മലയാളികളെയും കുറിച്ചുള്ള ചോദ്യങ്ങൾക്കും മന്ത്രി മറുപടി നൽകി. വിഡിയോ കാണാം.