ആലഞ്ചരിക്ക് തിരിച്ചടി; സീറോ മലബാര്‍ ഭൂമിയിടപാട് കേസില്‍ നേരിട്ട് ഹാജരാകാന്‍‌ ഹൈക്കോടതി

0

കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് തിരിച്ചടി. വിചാരണയ്ക്ക് നേരിട്ട് ഹാജറാകണമെന്ന് ഹൈക്കോടതി. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ടു ഹാജറാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ച് തള്ളി.

തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും സഭയുടെ സുപ്രധാന പദവികള്‍ വഹിക്കുന്നതിനാല്‍ നേരിട്ട് ഹാജറാവറിൽ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു കര്‍ദിനാളിന്‍റെ ആവശ്യം. കേസ് മുന്‍മ്പ് പരിഗണ്ച്ചപ്പോഴൊന്നും കര്‍ദിനാള്‍ ഹാജറായിരുന്നില്ല. 7 കേസുകളില്‍ ആണ് കര്‍ദിനാളിനോട് വിചാരണ നേരിടാന്‍ നേരത്തെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചത്. സഭയുടെ ഭൂമി ഇടപാടുകളില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ജോഷി വര്‍ഗീസാണ് ഹര്‍ജി നല്‍കിയത്.

കര്‍ദിനാളടക്കം 24 പേരാണ് കേസിലെ പ്രതികള്‍. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലക്കുറിച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇഡി. കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു. കേസിന്‍റെ ഭാഗമായി ഇടനിലക്കാര്‍ക്കും ഇഡി നോട്ടീസ് അയച്ചിരുന്നു.

കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഭൂമിയിടപാടില്‍ നിയമ വിരുദ്ധമായി ഒന്നും നടന്നട്ടില്ലെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നത്. കേസില്‍ നേരത്തെ പൊലീസ് ആലഞ്ചരിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ആ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 2020 ല്‍ വിചാരണ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയിലും സമര്‍പ്പിച്ചിരിക്കുന്നത്.