പ്രവാസി മലയാളി നഴ്സ് വാഹനാപകടത്തില്‍ മരിച്ചു

0

മസ്‌കത്ത്: യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം ഒമാനില്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതില്‍ ഷീബ മേരി തോമസ് (33) ആണ് മരിച്ചത്. ഏഴു പേര്‍ക്ക് പരിക്കേറ്റു. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹൈമയില്‍ ഞായറാഴ്ച പുലര്‍ച്ചെയായയിരുന്നു അപകടം.

ദുബായില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഷീബയും കുടുംബവും പെരുന്നാള്‍ അവധി ചെലവഴിക്കുന്നതിനായി ദുബായില്‍നിന്ന് സലാലയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഏഴുപേരടങ്ങുന്ന രണ്ട് കുടുംബങ്ങളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഹൈമക്ക് 50 കിലോമീറ്റര്‍ അകലെവെച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ നിസ്‌വ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഹൈമ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാജു സജിമോന്‍ ആണ് ഷീബയുടെ ഭര്‍ത്താവ്. പിതാവ്: തോമസ്. മതാവ്: മറിയാമ്മ.

അപകടത്തിൽപ്പെട്ട നാലു പേരെ നിസ്വ ഹോസ്പിറ്റലിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടു പോയിട്ടുണ്ട്. നിസാര പരിക്കുകളുള്ള മൂന്ന് പേർ ഹൈമ ഹോസ്പിറ്റലിലാണുള്ളത്. സലാലയിൽ ഖാബൂസ് ആശുപത്രിയിൽ ജോലി ചെയ്തു വരുന്ന മാത്യു ഡാനിയലിൻ്റെ സഹോദര പുത്രിയാണ് മരണപ്പെട്ട ഷീബാ മേരി തോമസ്. മൃതദേഹം മസ്കറ്റിൽ എത്തിച്ച ശേഷം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകാനാണ് പരിശ്രമിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.