ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ

0

കാസര്‍കോട്: കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റിലായി. ഐഡിയല്‍ കൂള്‍ ബാര്‍ ഉടമയും ഷവര്‍മ മേക്കറുമാണ് അറസ്റ്റിലായത്. മംഗളൂരു സ്വദേശി അനക്‌സ്, നേപ്പാള്‍ സ്വദേശി സന്ദേശ് റായി എന്നിവരാണ് അറസ്റ്റിലായത്. മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് ചന്തേര പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ കരിവെള്ളൂര്‍ പെരളം സ്വദേശി 16 വയസുകാരിയായ ദേവനന്ദയാണ് മരിച്ചത്. ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.

ഭക്ഷ്യ വിഷബാധയേറ്റ് 31 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കൂള്‍ബാറില്‍ നിന്ന് ഷവര്‍മ പാർസൽ വാങ്ങി വീട്ടില്‍ വച്ച് കഴിച്ച മാതാപിതാക്കളും ചികിത്സ തേടിയിട്ടുണ്ട്. ഈ കൂൾബാറിൽ നിന്ന് വെള്ളി, ശനി ദിവസങ്ങളില്‍ ഷവര്‍മ കഴിച്ച നിരവധിപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഇതിൽ കൂടുതൽ പേരും കുട്ടികളാണ്. ഭക്ഷ്യവിഷബാധയേറ്റ ഇവർക്കെല്ലാം ഒരേ ലക്ഷണങ്ങളായിരുന്നു പ്രകടമായത്. ഏകദേശം 14 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയായിരുന്നു. എന്നാൽ നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ പ്രാഥമിക ചികിത്സ ലഭിച്ച ശേഷം വീടുകളിലേക്ക് മടങ്ങുകയായിരുന്നു.