വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധം; അമ്മ ആഭ്യന്തര പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി രാജിവച്ചു

0

വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധമറിയിച്ച് താര സംഘടനയായ അമ്മ ഐസിസിയില്‍ നിന്ന് നടി മാല പാര്‍വതി രാജിവച്ചു. വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി പ്രഖ്യാപനം. അമ്മയുടെ ആഭ്യന്തര പരിഹാര സമിതിയാണ് ഐസിസി. വിഷയത്തില്‍ കൂടുതല്‍ പേര്‍ സമിതിയില്‍ നിന്ന് രാജിവയ്ക്കുമെന്ന് മാല പാര്‍വതി പറഞ്ഞു. വിജയ് ബാബുവിനെതിരെ നടപടി അനിവാര്യമാണെന്നും അവര്‍ പ്രതികരിച്ചു.

അഞ്ചംഗ സമിതിയാണ് പരാതി പരിഹാര സെല്ലിലുള്ളത്. അതില്‍ മാലാ പാര്‍വതിയും ചെയര്‍മാന്‍ ശ്വേതാ മേനോനും ഉള്‍പ്പെടെയുള്ള മൂന്നുപേരാണ് രാജിവയ്ക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗം മാത്രമല്ല രാജിക്ക് കാരണം. ആരോപണം നേരിട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടും അതുണ്ടാകാത്ത സാഹചര്യത്തിലാണ് രാജിയെന്നും മാലാ പാര്‍വതി പറഞ്ഞു.

‘ ആരോപണം ഉയര്‍ന്നതിനിടെ ഇരയുടെ പേര് പരസ്യമായി വിജയ് ബാബു പറഞ്ഞതാണ്. അതിനെതിരെ കടുത്ത നടപടിയുണ്ടാകേണ്ടതുണ്ട്. സത്യം പറഞ്ഞാല്‍ ഐസിസി വയ്‌ക്കേണ്ട ഒരാവശ്യവും അമ്മ സംഘടനയ്ക്കില്ല. കാരണം ഞങ്ങളാരും അവിടുത്തെ തൊഴിലാളികളോ അമ്മ തൊഴില്‍ ദാതാക്കളോ അല്ല. ഐസിസി രൂപീകരിച്ച സാഹചര്യത്തില്‍ നടപടിയെടുക്കണമായിരുന്നു’. മാലാ പാര്‍വതി മാധ്യമങ്ങളോട് പ്രതികരിച്ചു.