ബ്രിട്ടന്റെ കിരീടം ചൂടി ചാൾസ് മൂന്നാമൻ രാജാവ്; രാജ്ഞിയായി കാമിലയും

0

ബ്രിട്ടനിൽ കിരീടം ചൂടി ചാൾസ് മൂന്നാമൻ രാജാവ്. ബ്രിട്ടന്റെ രാജാവാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ചാൾസ് മൂന്നാമൻ. രാജ്ഞിയായി കാമിലയേയും വാഴിച്ചു. ഏഴ് പതിറ്റാണ്ടിന് ശേഷം ബ്രിട്ടനിൽ നടന്ന കിരീടധാരണ ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 2,200 ലധികം പ്രതിനിധികൾ പങ്കെടുത്തു. ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്ന് കിരീടധാരണ ചടങ്ങ് നടന്ന വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് ഘോഷയാത്ര ആയാണ് ചാൾസിനെയും കാമിലയെയും ആനയിച്ചത്.

ഏഴായിരം സൈനികരും 19 സൈനിക ബാൻഡുകളും അകമ്പടിയ്ക്കുണ്ടായിരുന്നു. 1953-ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന് ശേഷം ബ്രിട്ടനിൽ നടന്ന ഏറ്റവും പ്രൗഢഗംഭീരമായ ഔദ്യോഗിക പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ ഇന്നലെമുതൽ തന്നെ പതിനായിരക്കണക്കിന് ആളുകളാണ് വഴിയരികിൽ ഇടംപിടിച്ചിരുന്നത്. പ്രാദേശിക സമയം 11 മണിയോടെ ചാൾസ് മൂന്നാമൻ വെസ്റ്റ് മിൻസ്റ്റർ ആബിയിലെത്തി. ആദ്യം സത്യപ്രതിജ്ഞ നടത്തി. തുടർന്ന് എഡ്വേർഡ് രാജാവിന്റെ കസേരയെന്ന് അറിയപ്പെടുന്ന സ്റ്റോൺ ഓഫ് ഡെസ്റ്റിനി എന്ന ചരിത്ര സിംഹാസനത്തിൽ ചാൾസ് ഉപവിഷ്ടനായി.

ആംഗ്ലിക്കൻ സഭാതലവൻ കാന്റർബറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബിയാണ് കിരീടധാരണത്തിന് മുഖ്യകാർമികത്വം വഹിച്ചത്. രാജാധികാരത്തിന്റെ പ്രതീകമായ വാളും ചെങ്കോലും ആർച്ച്ബിഷപ്പ് ചാൾസിന് നൽകി. തുടർന്ന് കിരീട ധാരണവും നടന്നു. കാമിലയെ രാജ്ഞിയായി വാഴിക്കുന്ന ചടങ്ങും ഇതിന് ശേഷം നടത്തി. ഇന്ത്യയിൽ വേരുകളുള്ള പ്രധാനമന്ത്രി ഋഷി സുനക് ചാൾസ് മൂന്നാമന്റെ കിരീട ധാരണ ചടങ്ങിൽ ബൈബിൾ വായിച്ചത് മറ്റൊരു ചരിത്ര നിമിഷമായി.

രാജകുടുംബാംഗങ്ങൾ, രാഷ്ട്രതലവന്മാർ, സെലിബ്രിറ്റികൾ ഉൾപ്പെടെ 2200-ലേറെ ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷിയാക്കിയാണ് ചാൾസ് മൂന്നാമൻ കിരീടം ചൂടിയത്. ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ചടങ്ങിൽ പങ്കെടുത്തു. ബോളിവുഡ് താരം സോനം കപൂറും കിരീട ധാരണത്തിന് സാക്ഷിയായി.