വനിതാസംവരണ ബില്ല് തികച്ചും കേന്ദ്രസർക്കാരിന്റെ തിരഞ്ഞെടുപ്പ് ലക്ഷ്യം- കെ. കെ. ശൈലജ

0


കോഴിക്കോട്: വനിത സംവരണ ബില്ല് കേന്ദ്രസർക്കാരിന്റെ തിരഞ്ഞെടുപ്പ് ലക്ഷ്യം മാത്രമാണെന്ന് സി. പി. ഐ. എം കേന്ദ്ര കമ്മിറ്റി അംഗം കെ. കെ. ശൈലജ അഭിപ്രായപ്പെട്ടു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഏഴാം പതിപ്പിൽ എഴുത്തോല വേദിയിൽ വെച്ചുനടന്ന, കെ. കെ. ശൈലജയുടെ ‘നിശ്ചയദാർഢ്യം കരുത്തായി’ എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട ചർച്ചയിൽ കെ. കെ. ഷാഹിനയുമായി സംസാരിക്കവെ ആയിരുന്നു പരാമർശം. പുസ്തകം, കേന്ദ്ര പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പ്രകാശനം ചെയ്തു. ഈ പുസ്തകം പ്രകാശനം ചെയ്യാൻ അവസരം ലഭിച്ചതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു.

കേരളത്തിലെ മാധ്യമങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് അവയ്ക്ക് അനൂകൂലമായും പ്രതികൂലമായും എം. എൽ. എ സംസാരിച്ചു. കോവിഡ്, നിപ പ്രതിരോധത്തിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് വലുതാണെന്നും, മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായിരുന്നുവെന്നും അവർ സൂചിപ്പിച്ചു. എല്ലാ പൗരന്മാരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ നിലവിൽ ഏറ്റവും ശ്രദ്ധ ചെലുത്തുന്ന സംസ്ഥാനം കേരളമാണെന്നും പൊതുപ്രവർത്തന-രാഷ്ട്രീയ മേഖലകളിലേക്ക് സ്ത്രീകൾ കടന്നുവരണമെന്നും അവർ അഭിപ്രായപ്പെട്ടു.

വനിത മുഖ്യമന്ത്രി കേരളത്തിന്‌ ആവശ്യമാണോ എന്ന കെ. കെ. ഷാഹിനയുടെ ചോദ്യത്തിന്, കേരളം ഭരിക്കുന്ന മുഖ്യമന്ത്രി നല്ല ആശയത്തോട് കൂടിയാണ് നാടിനെ മുന്നോട്ട് നയിക്കുന്നതെന്ന് അവർ മറുപടി നൽകി.

കേരളത്തിൽ മതരാഷ്ട്രീയത്തെ ഇല്ലാതാക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും മതങ്ങളുടെ വേർതിരിവില്ലാതെ കേരളം മുന്നോട്ട് പോകണമെന്നും സൂചിപ്പിച്ചിക്കൊണ്ട് മോഡറേറ്റർ കെ. കെ. ഷാഹിന സെഷൻ ഉപസംഹരിച്ചു.