കൊച്ചി ഫ്‌ളാറ്റിലെ പീഡനം; പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ മൂന്ന് കൂട്ടാളികള്‍ പോലീസ് കസ്റ്റഡിയില്‍

0

തൃശൂർ∙ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. പ്രതി മാർട്ടിൻ ജോസഫിനെ തൃശ്ശൂരിൽ ഒളിപ്പിച്ചവരാണ് പിടിയിലായത്. മാര്‍ട്ടിനെ കൊച്ചിയില്‍ നിന്നും തൃശൂരിലേക്ക് പോകാന്‍ സഹായിച്ച ശ്രീരാഗ്, ജോണ്‍ജോയ്, ധനേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

പിടികൂടിയവരെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തു വരുകയാണ്. കൂടാതെ സ്വിഫ്റ്റ്, ഇന്നോവ കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ വാഹനങ്ങളിലാണ് ഇവര്‍ ഒളിവില്‍ പോകാന്‍ സഹായം ലഭിച്ചതെന്നുമാണ് വിവരം. കൂടാതെ കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് സഹായം നല്‍കിയ മൂന്ന് പേരെക്കൂടി കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തേക്കും.

മാർട്ടിൻ ജോസഫ് സ്വദേശമായ മുണ്ടൂരിലെത്തിയതായി മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ കണ്ടെത്തിയിരുന്നു. മുണ്ടൂരിലെത്തിയെങ്കിലും ഇയാൾ വീട്ടിൽ ചെന്നിരുന്നില്ല. കൊച്ചിയിലെയും തൃശൂരിലെയും പൊലീസ് സംഘങ്ങൾ മുണ്ടൂർ മേഖലയിൽ ക്യാംപ് ചെയ്തു തിരിച്ചലിൽ നടത്തിയിട്ടും ഇയാളെ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ ലോക്ഡൗൺ കാലത്തായിരുന്നു മാർട്ടിൻ മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. യുവതിയെ ക്രൂരമായി മർദിക്കുകയും കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, ബെൽറ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക, മുഖത്ത് മർദിക്കുക തുടങ്ങിയ കൃത്യങ്ങളും മാർട്ടിൻ ചെയ്തിരുന്നു.

മാര്‍ട്ടിന്‍ ജോസഫ് തൃശൂരില്‍ തന്നെയുണ്ടെന്ന നിഗമനത്തില്‍ തൃശൂര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.