താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗം: വിലക്കിനെ പിന്തുണച്ച് സജി ചെറിയാന്‍; പരാതി കിട്ടിയാല്‍ നടപടി

0

തിരുവനന്തപുരം: നടന്മാരായ ഷെയ്ന്‍ നിഗമിനും ശ്രീനാഥ് ഭാസിക്കും സിനിമാസംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ പിന്തുണച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതില്‍ സംഘടനകള്‍ക്കൊപ്പമേ നില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പ്രതികരിച്ചു.

സിനിമയിൽ ലഹരി ഉപയോഗത്തെ കുറിച്ച് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ല. ആരെങ്കിലും മയക്കുമരുന്ന് ഉപയോ​ഗിക്കുന്നുണ്ട് എന്ന് പറയുന്നതിൽ കാര്യമില്ല. അവർക്കതിനെ സംബന്ധിച്ചിടത്തോളം വ്യക്തത ഉണ്ടെങ്കിൽ അവർ പേരുവിവരങ്ങൾ തന്നാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. താരങ്ങളുടെ വിലക്ക് മുന്നോട്ട് പോകട്ടെയെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസം നടന്ന സിനിമമേഖലയിലുള്ളവരുമായുള്ള യോഗത്തില്‍ അഭിനേതാക്കളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യം ഉന്നയിക്കപ്പെട്ടിരുന്നു എന്നും അദ്ദേഹം സ്ഥിരീകരിച്ചു.രേഖാമൂലം പരാതി നല്‍കിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷിതത്വബോധത്തോടുകൂടി സിനിമാമേഖലയെ മുന്നോട്ടുകൊണ്ടുപോകേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഷൂട്ടിങ് സ്ഥലത്ത് പോയി പരിശോധിക്കാന്‍ കഴിയില്ല. അതിന് അവര്‍ക്ക് അവരുടേതായ നിയമങ്ങളുണ്ട്. അത് അനുസരിച്ചാണ് സിനിമാമേഖല പ്രവര്‍ത്തിക്കുന്നതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.