കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ്

0

കൊല്ലം: കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. ആയൂർ മാർത്തോമാ കോളജിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിന് നേരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചതിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർത്ഥി സംഘടനകൾ നടത്തിയ മാർച്ച് വൻ സംഘർഷത്തിലേക്ക് പോയിരുന്നു. സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ക്യാമ്പസിനുള്ളിലേക്ക് തള്ളിക്കയറി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. രാവിലെ മുതല്‍ വലിയ തോതിലുള്ള പ്രതിഷേധം കോളേജ് പരിസരത്തുണ്ടായിരുന്നു. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി.പ്രാദേശിക മാധ്യമപ്രവർത്തകൻ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റു. എന്നാൽ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ തങ്ങള്‍ക്ക് വീഴ്ച്ചയില്ലെന്ന് കോളേജ് അധികൃതര്‍ മാധ്യമങ്ങളെ കണ്ട് വിശദീകരിച്ചതോടെയാണ് യുവജന സംഘടനകള്‍ വീണ്ടും പ്രതിഷേധവുമായെത്തിയത്.

അതേസമയം നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ച് വനിതാ ജീവനക്കാര്‍ കസ്റ്റഡിയില്‍. സംഭവത്തിൽ 5 വനിതാ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2 കോളെജ് ജാവനക്കാരും 3 ഏജന്‍സി ജീവനക്കാരുമാണ് കസ്റ്റഡിയിലുളളത്. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് ഡിഎൈജി നിശാന്തിനി അറിയിച്ചു.

ദേഹപരിശോധനയുടെ ചുമതല ഒരു സ്വകാര്യ ഏജൻസിക്കായിരുന്നു. പരീക്ഷാ സുരക്ഷയിൽ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത നാല് വീതം പുരുഷന്മാരെയും സ്ത്രീകളെയുമാണ് ഇവർ നിയോഗിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവരുടെ അറസ്റ്റും ഉടനെയുണ്ടാകാം. അതിനിടെ സംഭവത്തിൽ കൂടുതൽ പേർ പരാതിയായെത്തി. പുതിയതായി അഞ്ച് വിദ്യാര്‍ത്ഥികള്‍ കൂടിയാണ് പരാതി നല്‍കിയത്. എല്ലാ വിദ്യാര്‍ത്ഥികളുടെയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.