കൊറോണ: ഇന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യക്കാര്‍ക്ക് ഖത്തര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി

0

കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെ പതിനാല് രാജ്യക്കാർക്ക് ഖത്തർ പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഇന്ത്യയിൽ നിന്നും ഖത്തറിലേക്കുള്ള എല്ലാത്തരം യാത്രക്കാർക്കും വിലക്ക് ബാധകമാണ്.

ഖത്തറില്‍ താമസ വിസയുള്ളവര്‍, വിസിറ്റ്‌ വിസക്കാര്‍ എന്നിവര്‍ക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇതോടെ നാട്ടില്‍ അവധിക്ക് പോയ പതിനായിരക്കണക്കിന് ഖത്തര്‍ മലയാളികളുടെ മടക്കയാത്ര അനിശ്ചിതമായി നീളും.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇറാന്‍, ഇറാഖ്, ലെബനന്‍, സൗത്ത് കൊറിയ, തായ് ലാന്‍ഡ്, നേപ്പാള്‍, ഈജിപ്ത്, ചൈന, സിറിയ എന്നീ രാജ്യക്കാര്‍ക്കും ഖത്തര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി.

കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി സൗദി അറേബ്യയിലെ സ്കൂളുകളും കോളേജുകളും വിദ്യാഭ്യാസ മന്ത്രാലയം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. സൗദിയില്‍ രോഗം ബാധിച്ച 19ല്‍ പതിനൊന്നുപേരും കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ നിന്നുള്ളവരായതിനാൽ ഇവിടേക്ക് വരുന്നതിനും പുറത്തുപോകുന്നതിനും താൽക്കാലിക വിലക്കേർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം, ഇന്ത്യ ഉൾപ്പെടെയുള്ള ആറ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് കുവൈത്ത് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ശനിയാഴ്ച മുതല്‍ ഒരാഴ്ച്ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കുവൈത്തിലേക്കുള്ള ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പീൻസ്, ലെബനാൻ എന്നീ രാജ്യങ്ങളുടെ വിമാനങ്ങൾക്കാണ് വിലക്ക്.