ഭർത്താവിന് കാമുകിയെ വിവാഹം കഴിച്ചു നൽകി ഭാര്യ

0

വിവാഹബന്ധങ്ങളിലെ പ്രശ്നങ്ങളും ഭാര്യ ഭർത്താവിനെ കൊല്ലുന്നതും ഭർത്താവ് ഭാര്യയെ കൊല്ലുന്നതുമൊക്കെയായ നിരവധി വാർത്തകൾ എല്ലാം ഓരോ ദിവസവും നമ്മൾ കേൾക്കാറുണ്ട്. അതിലൊക്കെ വ്യത്യസ്തമായ ഒരു കഥയാണ് ആന്ധ്രാപ്രദേശിൽ നിന്നും വരുന്നത്. ഭാര്യ മുൻകയ്യെടുത്ത്, യുവാവിന് കാമുകിയെ വിവാഹം ചെയ്തു കൊടുത്ത അപൂർവമായ ഒരു വാർത്ത.

സാമൂഹിക മാധ്യമങ്ങളിലെ താരമാണ് തിരുപ്പതി ഡക്കിളി അംബേദ്കർ നഗറിലെ കല്യാൺ. ടിക് ടോക് വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയാണ് കല്യാണിന്റെ ഭാര്യ. വിവാഹത്തിനു ശേഷം ഇവർ രണ്ടു പേരും ചേർന്നു ചെയ്ത വീഡിയോകളെല്ലാം വൈറലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വിമലയെ കാണാൻ വിശാഖപട്ടണത്തു നിന്നും നിത്യശ്രീയെന്ന യുവതിയെത്തി.

കല്യാണിന്റെ മുൻ കാമുകിയായിരുന്നുവെന്നും ചില പ്രശ്നങ്ങളുടെ പേരിൽ വേർപിരിയേണ്ടി വന്നുവെന്നും പറഞ്ഞു. കല്യാണുമായുള്ള പ്രണയബന്ധം വേർപിരിഞ്ഞെങ്കിലും നിത്യശ്രീ മറ്റൊരാളെ ജീവിതത്തിലേയ്ക്ക് ക്ഷണിച്ചിരുന്നില്ല. ഏറെ വർഷങ്ങൾ നീണ്ട ശ്രമത്തിനൊടുവിലാണ് കല്യാണിന്റെ മേൽവിലാസം കണ്ടെത്തി അന്വേഷിച്ചെത്തിയത്. ഈ കഥകളെല്ലാം നിത്യശ്രീ വിമലയെ ധരിപ്പിച്ചു. കല്യാണിനെ പിരിയാൻ സാധിയ്ക്കില്ലെന്നും പറഞ്ഞു.

പിന്നീട് വളരെ വേഗത്തിലായിരുന്നു കാര്യങ്ങൾ. ബന്ധുക്കളെല്ലാം എതിർത്തെങ്കിലും വിമല തന്നെ, മുൻകയ്യെടുത്ത് വിവാഹത്തിനുള്ള മുഴുവൻ ഏർപ്പാടുകളും ചെയ്തു. വിവാഹം കഴിഞ്ഞാലും തന്നെ ഒഴിവാക്കരുതെന്ന ഒരു ഉറപ്പു മാത്രം ഇരുവരിൽ നിന്നും വിമല വാങ്ങി. അങ്ങിനെ കഴിഞ്ഞ ദിവസം ഡക്കിളിയിലെ ക്ഷേത്രത്തിൽ വച്ച് കല്യാൺ നിത്യശ്രീയ്ക്ക് മിന്നു ചാർത്തി. സാക്ഷിയായി ഭാര്യ വിമലയും.