മരങ്ങളെ കെട്ടിപ്പുണർന്ന് ആവാസ വ്യവസ്ഥയാണ് സ്ഥായിയായ സമ്പത്ത് വ്യവസ്ഥയെന്ന് വിശ്വസിക്കുകയും ആളുകളെ പ്രബോധിപ്പിക്കുകയും ചെയ്ത സുന്ദർലാൽ ബഹുഗുണ ഇനി ദീപ്തമായ ഒരോർമ്മമാത്രം. മരത്തെയും മണ്ണിനെയും ഒപ്പം നാടിനെയും ഒരുപോലാരാധിച്ച ആ മഹാനെ കൂടി ഇന്നലെ കോവിഡ് കൊണ്ടുപോയി. മണ്ണിന്‍റെയും മനുഷ്യന്‍റെയും അതിജീവനപ്പോരാട്ടത്തിന്‍റെ അടയാളപ്പെടുത്തലായ ചിപ്‌കോ പ്രസ്ഥാനത്തിന്റെ അമരക്കാരൻ കൂടിയായിരുന്ന സുന്ദർ ലാൽ ബഹുഗുണ എന്ന നന്മമരം മണ്ണിന്റെ മടിത്തട്ടിലേക്കുതന്നെ മടങ്ങിയിരിക്കയാണ്.

പരിസ്ഥിതി സുസ്ഥിര സമ്പദ്‌വ്യവസ്ഥ’ എന്ന മുദ്രാവാക്യം തന്നെ ആവിഷ്‌കരിച്ച ബഹുഗുണ ആഗോളതലത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു. കോവിഡ് ബാധിച്ച് എയിംസ് ആശുപതിയിൽ ചികിത്സയിലായിരിക്കെയാണ് അദ്ദേഹം വിടവാങ്ങിയത്. ഹിമാലയൻ മലനിരകളിലെ മരങ്ങളെ സ്വന്തം പ്രാണവായുവിനെപോലെ ചേർത്തുപിടിച്ച ആ പരമസ്വാതികൻ തുടങ്ങിവെച്ച ചിപ്കോ പ്രസ്ഥാനം പരിസ്ഥിതി സംരക്ഷകരുടെ ആവേശംത്തന്നെയായിരുന്നു.

ഹിമാലയത്തിലെ കാടുകളുടെ സംരക്ഷണത്തിനായി വര്‍ഷങ്ങളോളം ശബ്ദമുയര്‍ത്തിയ അദ്ദേഹം തന്നെ ചിപ്‌കോയുടെ ഉപജ്ഞാതാവെന്നോ നേതാവെന്നോ വിശേഷിപ്പിക്കുന്നതിനെ വിലക്കി. കാരണം ചിപ്‌കോ ആദ്യമായി 250 വർഷംമുമ്പ് രാജസ്ഥാനിലെ അഡ്വാനി എന്ന ബിസ്‌നോയി ഗ്രാമത്തിൽ അമൃതാദേവിയും അവരുടെ മകളും 166 സ്ത്രീകളും രക്തസാക്ഷികളായ പ്രക്ഷോഭമാണെന്നും, ആ പാരമ്പര്യം ഉൾക്കൊണ്ട് ഹിമാലയത്തിലെ സ്ത്രീകളാണ് സ്വാതന്ത്ര്യാനന്തരം വനനാശത്തിനെതിരേ ചിപ്കോസമരം നടത്തിയത്. ഗാന്ധിജിയുടെ ശിഷ്യകളായ മീരാ ബെന്നും സരള ബെന്നുമാണ് ഹിമാലയമാകെ വനനശീകരണത്തിനെതിരേ ബോധവത്‌കരണം നടത്തിയത്. എന്നാൽ സുന്ദർലാൽ ബഹുഗുണ ആ സമരരൂപം ഹിമാലയംമാത്രമല്ല, ലോകമെമ്പാടും പടർത്തിയ പ്രചാരകനാണ്. അതുകൊണ്ടുതന്നെ താൻ ചിപ്‌കോയുടെ ഒരു സന്ദേശവാഹകൻ മാത്രമാണെന്ന് അദ്ദേഹം ലോകത്തോട് പറയുമായിരുന്നു.

അളകനന്ദ നദിക്കരയിലെ 2500 മരങ്ങൾ മുറിക്കാൻ 1974 ജനുവരിയിൽ സർക്കാർ നീക്കം തുടങ്ങിയതാണ് ചിപ്കോ സമരത്തിന് വഴിയൊരുക്കിയത്. ഉത്തരാഖണ്ഡിലെ റേനിയിൽ 1974 മാർച്ച് 26ന് ആയിരുന്നു മുന്നേറ്റത്തിന് തുടക്കമിട്ടത്. ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകരിക്കുന്നതിനു മുന്‍പ് റേനി ഗ്രാമം ഉത്തര്‍പ്രദേശിലായിരുന്നു. വനത്തില്‍ വൃക്ഷങ്ങള്‍ മുറിക്കാന്‍ അനുവദിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ഗ്രാമീണരായ സ്ത്രീകള്‍ സമരരംഗത്തെത്തി. വനം തങ്ങളുടെ വീടാണെന്നു പ്രഖ്യാപിച്ച ഇവര്‍ മരങ്ങളെ ആലിംഗനം ചെയ്ത് രാവു പകലാക്കിനിന്നു.

സമീപഗ്രാമങ്ങളില്‍നിന്നു കൂടുതല്‍ പേരെത്തി മരങ്ങള്‍ക്കു കവചമായപ്പോള്‍ അതു വെട്ടാന്‍ എത്തിയവര്‍ ശ്രമം ഉപേക്ഷിച്ചു മടങ്ങി. പിന്നീട് ഗാന്ധിയന്‍ സുന്ദര്‍ലാല്‍ ബഹുഗുണയുടെ നേതൃത്വത്തില്‍ ചിപ്‌കോ പ്രസ്ഥാനം വനനശീകരണത്തിനെതിരെ ലോകശ്രദ്ധ നേടി. പിന്നീട് ആ സമരം ഇന്ത്യയിലെ പരിസ്ഥിതി മുന്നേറ്റങ്ങളിലെ നാഴികക്കലായി.

ചിപ്‌കോ ഉന്നയിച്ച പല പ്രശ്നങ്ങളെയും ശ്രദ്ധാപൂർവ്വം പരിഗണിക്കാൻ കേന്ദ്രസർക്കാർ തയ്യാറായി. സുന്ദർലാൽ ബഹുഗുണയുമായി നേരിട്ട് ചർച്ച നടത്തിയ അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാഗാന്ധി യു.പി.യിലെ ഹിമാലയൻ വനങ്ങളിൽനിന്ന് വാണിജ്യാവശ്യങ്ങൾക്കുവേണ്ടി മരംമുറിക്കുന്നത് 15 വർഷത്തേക്ക് നിരോധിക്കാൻ നിർദേശിച്ചു.

ഹിമാലയൻ താഴ്‌വരയിൽ കശ്മീർ മുതൽ കൊഹിമവരെ 4,780 കിലോമീറ്റർ ദൂരം ബഹുഗുണ നടത്തിയ പദയാത്രയുടെ ഫലമായി ചിപ്‌കോയുടെ സന്ദേശങ്ങൾക്ക് വിപുലമായ പ്രചാരം സിദ്ധിച്ചു. ചിപ്‌കോയുടെ പ്രവർത്തനങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പരിസ്ഥിതിപ്രസ്ഥാനങ്ങൾ ആവിർഭവിച്ചു. പിന്നീട് തെഹ്‌രി അണക്കെട്ടിനെതാരായ പ്രക്ഷോഭത്തിന് ബഹുഗുണ നേതൃത്വം നൽകി. പ്രധാനമന്ത്രിമാരായ പി.വി നരസിംഹ റാവുവും എച്ച്.ഡി ദേവഗൗഡയും പദ്ധതി പുനപരിശോധിക്കാൻ ഒരുങ്ങിയത് ബഹുഗണയുടെ ഉപവാസ സമരങ്ങളുടെ ഫലമായാണ്.

1927 ജനുവരി 9 ന് ഉത്തരാഖണ്ഡിലെ തെഹ്‌രിക്കടുത്ത് മറോഡയിലാണ് ബഹുഗുണയുടെ ജനനം. ബംഗാളിൽ നിന്ന് കുടിയേറിയതായിരുന്നു കുടുംബം. തൊട്ടുകൂടായ്മയ്ക്കും മദ്യത്തിനുമെതിരായ ശബ്ദമുയർത്തി സമരജീവിതം ആരംഭിച്ചു. പതിനേഴാം വയസ്സിലാണ് സുന്ദർലാൽ ബഹുഗുണ ആദ്യമായി ജയിലിലടയ്ക്കപ്പെട്ടത്. 84 ദിവസത്തെ നിരാഹാരസമരത്തെത്തുടർന്ന് ജയിലിൽ മരിച്ച സ്വാതന്ത്ര്യസമരപോരാളി ദേവ് സുമനാണ് അദ്ദേഹത്തിന്റെ ഗുരു. 1947-മുതൽ 1956-വരെ കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിനുശേഷം അദ്ദേഹം ഹിമാലയൻ ഗ്രാമങ്ങളിൽ തന്റെ പ്രവർത്തനം കേന്ദ്രീകരിച്ചു.

സരളാബെന്നിന്റെ ശിഷ്യയും സർവോദയസംഘത്തിന്റെ സജീവപ്രവർത്തകയുമായ വിമലാ നൗതിയാലിനെ ജീവിത സഖിയാക്കി. ഗ്രാമങ്ങളിലെ മനുഷ്യർക്കായി എന്നും ഒന്നിച്ചു നിൽക്കുമെന്ന് ഇരുവരും പ്രതിജ്ഞ ചെയ്ത് പിന്നീടുള്ള എല്ലാ പോരാട്ടങ്ങളും ഇവർ ഒന്നിച്ചു നേരിട്ടു.

പശ്ചിമഘട്ടത്തിലെ വനനശീകരണത്തിനെതിരെയും നദീസംയോജന പദ്ധതിക്കെതിരെയും പിന്നീട് രംഗത്തെത്തിയ അദ്ദേഹത്തെ തേടി റൈറ്റ് ലിവ്‌ലിഹുഡ്, ജംനലാൽ ബജാജ്, റൂർക്കി ഐഐടി പുരസ്കാരങ്ങളെത്തി. ദി റോഡ് ടു സർവൈവൽ, ധർതി കി പുകാർ, ഇന്ത്യാസ് എൻവയൺമെന്റ്: മിത്ത് ആൻഡ് റിയാലിറ്റി എന്നീ ഗ്രന്ഥങ്ങളും രചിച്ചു.1981ൽ പത്മശ്രീയും 2009ൽ പത്മ വിഭൂഷണും നൽകി ബഹുഗുണാജിയെ രാജ്യം ആദരിച്ചു.

സ്വന്തം ജീവനും ജീവിതവും പ്രകൃതിക്കായി ഉഴിഞ്ഞുവെച്ച് അർത്ഥശൂന്യമായ ബഹളങ്ങളിൽനിന്നും അത്യാഗ്രഹങ്ങളിൽനിന്നും മനുഷ്യരാശിയെ മാറിചിന്തിപ്പിച്ച് പ്രകൃതിയിലേക്ക് തിരിച്ചു വരൂ സന്ദേശം നമ്മളിലേക്ക് എത്തിച്ച വ്യക്തിയാണ് സുന്ദർലാൽ ബഹുഗുണ എന്ന പ്രകൃതിയുടെ കാവലാൾ… മനുഷ്യനും പ്രകൃതിയും രണ്ടല്ലെന്നു നമ്മെപഠിപ്പിച്ച ”പ്രകൃതിയെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി കണക്കാക്കിയ മാഹാഗുരോ! പ്രകൃതിയിലേക്ക് മടങ്ങുക.

അങ്ങയുടെ ഓർമകൾക്ക് മുമ്പിൽ പ്രണാമം…