സ്വകാര്യ ആശുപത്രിയിൽ നിന്ന് ശിവശങ്കറിനെ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി

0

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കരമനയിലെ പിആര്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ പരിശോധന ആവശ്യമാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് എം ശിവശങ്കറിനെ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം എം ശിവശങ്കറിനെ പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം കസ്റ്റംസ് കൂട്ടിക്കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആന്‍ജിയോഗ്രാം പരിശോധനയില്‍ പ്രശ്‌നങ്ങളൊന്നുമില്ല. രക്ത സമ്മര്‍ദ്ദം നിയന്ത്രണ വിധേയമാണ് എന്നാണ് ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞത്. എന്നാല്‍ കടുത്ത നടുവേദനയുണ്ടെന്ന് എം ശിവശങ്കര്‍ അറിയിച്ചതിനാല്‍ ശ്രീചിത്രയിലേക്ക് പരിശോധനയ്ക്ക് കൊണ്ടു പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് കേസുകളുടെ പശ്ചാത്ത‌ലത്തിലാണ് ശ്രീചിത്രയിലേക്ക് കൊണ്ടു പോകാനുള്ള തീരുമാനത്തില്‍ മാറ്റം വന്നത്. തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റി.

ഉച്ചക്ക് ശേഷമാണ് ആശുപത്രി മാറ്റത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. ശിവശങ്കറിനെ പ്രവേശിപ്പിച്ച ബ്ലോക്കിന് സമീപത്തേക്ക് ആംബുലൻസ് എത്തിച്ചു. പിന്നീട് നടപടി ക്രമങ്ങൾ ബാക്കിയാണെന്ന് അറിയിച്ച് വാഹനം മാറ്റിയിട്ടു. തുടര്‍ന്ന് രണ്ടേകാലിന് ശേഷമാണ് എം ശിവശങ്കറിനെ പുറത്തെത്തിച്ചത്. ദൃശ്യങ്ങൾ പകര്‍ത്താൻ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുള്ള പ്രതിഷേധത്തെ തുടര്‍ന്ന് തള്ളിമാറ്റിയ ജീവനക്കാരന്‍ സ്ഥലത്ത് നിന്ന് പിന്നീട് ഓടി മാറി.