മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി ഈ മാസം 16 ന് അവസാനിക്കും

0

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി ഈ മാസം 16 ന് അവസാനിക്കും. നിലവിൽ ശിവശങ്കറിന് സർവ്വീസിൽ തിരിച്ചു വരുന്നതിന് സാങ്കേതിക തടസ്സങ്ങളില്ല. എന്നാൽ വിവാദമാകാൻ സാധ്യതയുള്ളതിനാൽ നിയമോപദേശത്തിന് ശേഷമായിരിക്കും സർക്കാർ തീരുമാനം.

സ്വർണ്ണക്കടത്ത് കേസ് പ്രതികളുമായുള്ള അടുപ്പവും, സ്വപ്ന സുരേഷിന്റെ സ്പേസ് പാർക്കിലെ നിയമനത്തിൽ വഴിവിട്ട് ഇടപെട്ടുവെന്ന കണ്ടെത്തലുമാണ് എം ശിവശങ്കറിന്റെ സസ്പെൻഷന് കാരണമായത്. ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 2020 ജൂലായ് 16ന് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്.സർവീസ് നിയമം അനുസരിച്ച് അഴിമതിക്കേസല്ലെങ്കിൽ സസ്‌പെൻഷൻ കാലാവധി ഒരു വർഷമാണ്. അതിനു ശേഷം സസ്‌പെൻഷൻ കാലാവധി നീട്ടണമെങ്കിൽ കേന്ദ്രത്തിന്റെ അനുമതി വേണം.അല്ലെങ്കിൽ സസ്‌പെൻഷൻ സ്വമേധയാ പിൻവലിക്കപ്പെടും.

കേസിൽ ശിക്ഷിക്കപ്പെടുകയോ, ഗുരുതരമായ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ ശിവശങ്കറിന് സർവീസിലേക്ക് തിരിച്ചു വരാൻ സാങ്കേതിക തടസ്സമില്ല. പകരം നിയമനം നല്കിയില്ലെങ്കിലും അദ്ദേഹത്തിന് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഒരു മുടക്കവും കൂടാതെ ലഭിക്കും. വിവാദ സാധ്യത മുന്നിൽ കണ്ട് വിശദമായ നിയമോപദേശത്തിന് ശേഷം മാത്രമായിരിക്കും മുഖ്യമന്ത്രി ഇക്കാര്യത്തൽ തീരുമാനമെടുക്കുക.