ഐസിസ് ബന്ധം, തീഹാർ ജയിലിൽ വിചാരണത്തടവുകാരനായിരുന്ന മലയാളി യുവാവ് മരിച്ചു

0

മലപ്പുറം: തീവ്രവാദബന്ധം ആരോപിക്കപ്പെട്ട് തീഹാർ ജയിലിൽ കഴിയുകയായിരുന്ന മലപ്പുറം സ്വദേശിയായ വിചാരണത്തടവുകാരൻ മരിച്ചു. എൻ ഐ എ അറസ്റ്റ് ചെയ്ത മലപ്പുറം മങ്കട കടന്നമണ്ണ കാതൊടി മുഹമ്മദ് അമീൻ (27) മരിച്ചതായി ഇന്നലെ ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു.

തീഹാർ ജയിലിൽ നിന്ന് മങ്കട പൊലീസ് മുഖേനയാണ് അമീനിന്റെ ബന്ധുക്കളെ വിവരമറിയിച്ചത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഐസിസുമായി ബന്ധമുണ്ടെന്നാരോപിച്ച് ബംഗളൂരുവിൽ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് അമീനെ എൻ ഐ എ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് 5000 പേജുള്ള കുറ്റപത്രമാണ് എൻ ഐ എ കോടതിയിൽ സമർപ്പിച്ചത്. കേരളത്തിലും കർണാടകയിലും ആക്രമണത്തിന് പദ്ധതിയിട്ടു. സമൂഹമാദ്ധ്യമങ്ങളിലൂടെ ഐസിസ് ആശയപ്രചാരണം നടത്തി. ഐസിസിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചു. 2020ൽ അമീൻ കാശ്‌മീ‌രിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.

തലവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് അമീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. വിദഗ്ദ്ധ ചികിത്സ നിർദേശിച്ചിരുന്നതായും ഇതിനിടെ മരിക്കുകയായിരുന്നുവെന്നുമാണ് അറിയിപ്പ് ലഭിച്ചത്. ഇന്ന് രാവിലെ ഡൽഹിയിലെത്താനാണ് അമീന്റെ ബന്ധുക്കളോട് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.