സംപ്രേഷണ വിലക്ക്; ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി മീഡിയ വൺ

0

മീഡിയ വൺ ചാനലിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ ഉടമകളായ മാധ്യമം ബ്രോഡ്‍കാസ്റ്റിംഗ് ലിമിറ്റഡ് അപ്പീൽ നൽകി. ഹൈക്കോടതി സിം​ഗിൾ ബഞ്ചിന്റെ ഉത്തരവിനെതിരെ മാധ്യമം ബ്രോഡ്‍കാസ്റ്റിംഗ് ലിമിറ്റഡ്, കേരള പത്രപ്രവർത്തക യൂണിയൻ, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ എന്നിവർ സംയുക്തമായാണ് അപ്പീൽ ഹരജി നൽകിയത്.

അപ്പീലിൽ നാളെ വാദം കേൾക്കും. സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ മീഡിയവണിനായി ഹാജരാകും. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരായ എസ് ശ്രീകുമാറും ജെയ്ജു ബാബുവും ദവെക്കൊപ്പം ഹാജരാകും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇന്‍റലിജൻസ് റിപ്പോർട്ട് തന്നെ സംശയാസ്പദമാണെന്നും, ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ചാനലിനെ കേൾക്കാതെ ലൈസൻസ് റദ്ദാക്കിയ നടപടി ഭരണഘടനാവിരുദ്ധമാണെന്നും അപ്പീൽ ഹർജിയിൽ പറയുന്നു.

ഒരു വാർത്താചാനലിന് അപ്‍ലിങ്കിംഗിന് അനുമതി നൽകാനുള്ള പോളിസി പ്രകാരം ലൈസൻസ് പുതുക്കുമ്പോൾ ഓരോ തവണയും പുതിയ സുരക്ഷാ അനുമതി ആവശ്യമില്ലെന്ന വാദം സിംഗിൾ ബഞ്ച് പരിഗണിച്ചില്ല എന്ന് അപ്പീൽ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഒരു വാർത്താചാനലാകുമ്പോൾ ഭരണകൂടത്തെ തൃപ്തിപ്പെടുത്തി എന്നും വാർത്തകൾ നൽകാനാകില്ലെന്നും ഹർജിയിൽ പറയുന്നു.