സൗദി അറേബ്യയില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; മലയാളി മരിച്ചു

0

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യയിലെ ബിഷക്കടുത്ത് ഖൈബർ ജനൂബിലുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു. ചേർത്തല കുറ്റിയത്തോട് തറയിൽ അബ്ദുൽ സലാം (56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ ഹൈലക്സ് ജീപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

20 വർഷമായി അറേബ്യൻ ട്രേഡിങ്ങ് സപ്ലൈസ് കമ്പനിയിൽ ഗാലക്സി വിഭാഗം സെയിൽസ്‍മാനായിരുന്നു. കുടുംബസമേതം സൗദിയിൽ കഴിയുന്ന ഇദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. കഴിഞ്ഞ ദിവസമാണ് മകൾ തസ്നീഹ് സുൽത്താന സന്ദർശക വിസയിൽ സൗദിയിലെത്തിയത്. മകൻ തൻസീഹ് റഹ്മാൻ തുടർ പഠനാർഥം നാട്ടിലാണ്. പിതാവ് – കൊച്ചു മുഹമ്മദ്. മാതാവ് – സഹറത്ത്. ഭാര്യ – റാബിയ. മരുമകൻ – സിൽജാൻ (എസ്.ടി.സി ജീവനക്കാരൻ, അബഹ).

ജിസാനിലുള്ള സഹോദരൻ അബ്ദുല്ലത്തീഫ് അപകടവിവരമറിഞ്ഞ് ഖമീസിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഖമീസ് മുശൈത്ത് മദനി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.