ഗള്‍ഫ് ടൂറിസം തലസ്ഥാനമായി മനാമയെ തെരഞ്ഞെടുത്തു

0

ഗള്‍ഫ് ടൂറിസം തലസ്ഥാനമായി മനാമയെ തെരഞ്ഞെടുത്തു. ഒമാനില്‍ നടന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ ഏഴാമത് സമ്മേളനത്തിലാണ് 2024ലെ ഗള്‍ഫ് ടൂറിസം തലസ്ഥാനമായി മനാമയെ തെരഞ്ഞെടുത്തത്. മേഖലയില്‍ പക്വവും പൂര്‍ണവുമായ ടൂറിസം പ്ലാന്‍ കൊണ്ടുവരുകയും നടപ്പാക്കുകയും ചെയ്തത് കണക്കിലെടുത്താണ് പദവി നല്‍കാന്‍ തീരുമാനിച്ചത്.

സമ്മേളനത്തില്‍ ബഹ്‌റൈന്‍ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദില്‍ ഫഖ്‌റുവിന്റെയും ടൂറിസം മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പങ്കെടുത്തത്. ടൂറിസം മേഖലയുടെ ഉണര്‍വിന് ശക്തമായ നീക്കങ്ങള്‍ ബഹ്‌റൈന്‍ നടത്തിയതായി മന്ത്രി വ്യക്തമാക്കി.

ടൂറിസം രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പാരിസ്ഥിതിക നിലവാരം ഉയര്‍ത്തുന്നതിനും ഹോട്ടലുകളിലും ടൂറിസ്റ്റ് സൗകര്യങ്ങളിലും സുസ്ഥിരത നിലനിര്‍ത്തുന്നതിനുമായി രാജ്യം നടത്തിയ ശ്രമങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സന്ദര്‍ശകരുടെ വരവ് വര്‍ധിപ്പിക്കുന്നതിനും ബഹ്‌റൈനെ ഏറ്റവും ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തുന്നതിലും ഈ ശ്രമങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചു.

വിവിധ ജി.സി.സി രാഷ്ട്രങ്ങളുമായി ഈ രംഗത്ത് കൂടുതല്‍ സഹകരിക്കുന്നതിന് ബഹ്‌റൈന്‍ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. യാത്ര, സംസ്‌കാരം, വിനോദം എന്നീ മേഖലകളില്‍ ഉണര്‍വുണ്ടാകാന്‍ ടൂറിസം കരുത്തുനല്‍കും. ടൂറിസം മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വലിയ അളവില്‍ മെച്ചപ്പെടുത്താന്‍ ബഹ്‌റൈന് സാധിച്ചതായും യോഗം വിലയിരുത്തി. ടൂറിസം മേഖലയില്‍ ചെറുകിട സ്ഥാപനങ്ങളെ പരിപോഷിപ്പിക്കുന്ന അനുകൂലമായ അന്തരീക്ഷം വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി അബ്ദുല്ല ആദില്‍ ഫഖ്‌റു ചൂണ്ടിക്കാട്ടി. വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും സാധിച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.