ഓഫീസിലിരുന്ന് ജോലി ചെയ്യുന്നവർക്ക് കയ്യടിയുമായി സക്കർബർഗ്

0

സന്‍ഫ്രാന്‍സിസ്കോ: ജോലി ചെയ്യാൻ മിടുക്കർ ഓഫീസില്‌ നിന്ന് ജോലി ചെയ്യുന്നവരാണെന്ന് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്. തന്റെ ജീവനക്കാര്‍ക്ക് അയച്ച മെയിലിലാണ് സുക്കർബർഗ് ഇതെക്കുറിച്ച് പരാമർശിക്കുന്നത്.വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെക്കാൾ മികച്ച പ്രകടനം ഓഫീസിലുള്ളവർ കാഴ്ച വയ്ക്കുന്നതായും സുക്കർബർഗ് പറയുന്നുണ്ട്. ഇന്‍റേണല്‍ ഡാറ്റാ അനലിറ്റിക്‌സ് ഉപയോഗിച്ച് സുക്കർബർഗ് തന്‍റെ വാദത്തെ സാധൂകരിക്കാനും ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പരിചയസമ്പന്നരായ സഹപ്രവർത്തകർക്കൊപ്പം ആഴ്‌ചയിൽ മൂന്ന് ദിവസമെങ്കിലും പ്രവർത്തിക്കുമ്പോൾ പുതിയ ജീവനക്കാര്‍ ജോലി പഠിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവനക്കാർക്കുള്ള സാധാരണ ഇമെയിൽ ആയിരുന്നില്ല അത്. പതിനായിരത്തോളം ജീവനക്കാരെ ബാധിക്കുന്ന രണ്ടാം ഘട്ട പിരിച്ചുവിടലിനെക്കുറിച്ചും അതിൽ പരാമർശമുണ്ടായിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ, 21,000 ത്തോളം പേരെ മെറ്റ ഒഴിവാക്കിയേക്കും. 2022-ൽ, കമ്പനി 11,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇത് മെറ്റയിലെ ജീവനക്കാരുടെ 13 ശതമാനം വരും.

എല്ലാ ജീവനക്കാർക്കും ഒരേ തൊഴിൽ മുൻഗണനകളും സാഹചര്യങ്ങളും ഉണ്ടെന്ന് അനുമാനിക്കുന്നതിനാൽ ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെക്കുറിച്ചുള്ള സക്കർബർഗിന്‍റെ പ്രസ്താവനയ്ക്ക് എതിരെ വിമർശനങ്ങളുയർന്നിട്ടുണ്ട്. ചില ജീവനക്കാർ ഓഫീസ് ക്രമീകരണത്തിൽ മികച്ച പ്രകടനം നടത്തിയേക്കാം. മറ്റുള്ളവർ ഹൈബ്രിഡ് വർക്കിലായിരിക്കാം മികച്ച പ്രകടനം നടത്തുന്നത്. യാത്രാ സമയങ്ങൾ, ശിശു സംരക്ഷണ ചുമതലകൾ, ആരോഗ്യപരമായ ആശങ്കകൾ എന്നിങ്ങനെ ഒന്നിലധികം ഘടകങ്ങൾ ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ജീവനക്കാരന്റെ കഴിവിനെ സ്വാധീനിക്കും. അതിനാൽ കമ്പനികൾ ഫ്ലെക്സിബിൾ വർക്ക് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുകയും അവരുടെ ജീവനക്കാരുടെ ക്ഷേമത്തിനും ഉൽപ്പാദനക്ഷമതയ്ക്കും മുൻഗണന നൽകുകയും ചെയ്യേണ്ടത് പ്രധാനമാണെന്നാണ് ഇത് സംബന്ധിച്ച റിപ്പോര്‌‍ട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

മെറ്റാ പെർഫോമൻസ് നോക്കുന്നുണ്ടെന്നും ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും ജോലി ചെയ്യുന്നതിനും വ്യക്തിപരമായ സമയം പ്രധാനമാണെന്ന് താൻ വിശ്വസിക്കുന്നതായി സക്കർബർഗ് പറഞ്ഞു. 2023 കമ്പനിയുടെ കാര്യക്ഷമത കൂടുന്ന വർഷമാകുമെന്ന് നേരത്തെ സക്കർബർഗ് പറഞ്ഞിരുന്നു. മെറ്റയെ മികച്ച സാങ്കേതിക കമ്പനിയാക്കുക, ബുദ്ധിമുട്ടുള്ള അന്തരീക്ഷത്തിലും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക എന്നിവയാണ് സക്കർബർഗിന്റെ ലക്ഷ്യങ്ങൾ.