ഇന്ത്യൻ റെയിൽവേയിൽ മസാജ് സൗകര്യം വരുന്നു

0

ന്യൂഡൽഹി: യാത്രക്കാരെ സുഖിപ്പിക്കാൻ പുതിയ ആശയവുമായി ഇന്ത്യൻ റെയിൽവേ. ഓടുന്ന ട്രെയിനിൽ മസാജ് സൗകര്യം ഏർപ്പെടുത്തിയാണ് ഇന്ത്യൻ റെയിൽവെ വ്യത്യസ്തമാവുന്നത്. ഈ പദ്ധതി പ്രകാരം വരുമാനം വർദ്ധിക്കുന്നത് കൂടാതെ യാത്രക്കാരുടെ എണ്ണവും വർദ്ധിക്കുമെന്നാണ് പശ്ചിമ റെയിൽവേയുടെ ഭാഗമായ രത് ലാം ഡിവിഷനിൽ നിന്നുമുള്ള കണക്കുകൂട്ടൽ.

ഇന്ദോറിൽ നിന്ന് പുറപ്പെടുന്ന 39 ട്രെയിനുകളിലാണ് തലയിലും കാലിലും മസാജ് ചെയ്യാനുള്ള സംവിധാനം റെയിൽ വേ ഒരുക്കുന്നത്. ഓരോ ട്രെയിനിലും പ്രത്യേക തിരിച്ചറിയൽ കാ‍ർഡുള്ള മൂന്ന് മുതൽ അഞ്ച് വരെ ആളുകളുടെ സേവനം രാവിലെ ആറ് മണി മുതൽ പത്ത് മണി വരെ യാത്രക്കാർക്ക് ലഭ്യമായിരിക്കും. നൂറ് രൂപയായിരിക്കും ചാ‍ർജ്ജ് ഈടാക്കുന്നത്. അടുത്ത 15-20 ദിവസത്തിനകം സേവനം ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ദെഹ്റാദൂൺ-ഇന്ദോർ-എക്സ്പ്രസ്, ന്യൂഡ‍ൽഹി-ഇന്ദോർ-ഇന്‍റർസിറ്റി എക്സ്പ്രസ്, ഇന്ദോർ-അമൃത്സർ എക്സ്പ്രസ് എന്നിവയുൾപ്പടെയുള്ള ട്രെയിനുകളിലാണ് മസാജ് സൗകര്യം ഒരുക്കുന്നത്. യാത്രാക്കൂലിക്ക് പുറമെ റെയിൽവേയുടെ വരുമാന മാർഗ്ഗം ഉയർത്തുന്ന പദ്ധതിയുടെ ഭാഗമായി വിവിധ സോണുകളിൽ നിന്ന് പുത്തൻ ആശയങ്ങൾ സ്വീകരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഈ ആശയം.