കൊവിഡ് വ്യാപനം: വിവാഹവും പൊതുപരിപാടികളും അറിയിക്കണം; ഇന്നും നാളെയും കൂട്ടപ്പരിശോധന

0

തിരുവനന്തപുരം: കൊവിഡ് തീവ്രവ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് മാസ് കൊവിഡ് പരിശോധന തുടങ്ങുന്നു. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓഡിറ്റോറിയങ്ങൾ, ഹാളുകൾ എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം എഴുപത്തഞ്ചായി കുറയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.

നിലവിൽ ലോക്ഡൗൺ സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി. മാളുകളിലും, മാർക്കറ്റുകളിലും നിയന്ത്രണവും നിരീക്ഷണവും ഉണ്ടാകും. പൊതു സ്വകാര്യ പരിപാടികൾ അധികൃതരെ മുൻകൂട്ടി അറിയിക്കണം. തീയറ്ററുകളും ഹോട്ടലുകളും ഒൻപത് മണിക്ക് അടക്കണം. തീയറ്ററുകളിൽ 50 ശതമാനം പേർക്ക് മാത്രമാണ് അനുമതി. കൂടുതൽ വാക്‌സിൻ ലഭിക്കുന്ന മുറയ്ക്ക് വാക്‌സിനേഷൻ ഊർജിതമാക്കും. വ്യാപകമായ പരിശോധന, കർശന നിയന്ത്രണം ഊർജിതമായ വാക്‌സിനേഷൻ എന്നിവയിലൂടെ കൊവിഡ് വ്യാപനത്തെ തടയുകയാണ് ലക്ഷ്യം.

തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ 150 പേർക്കുമാത്രമേ പങ്കെടുക്കാനാവൂ. പൊതുവാഹനങ്ങളിൽ നിന്ന് യാത്രചെയ്യാൻ അനുവദിക്കില്ല. ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആളുകൾ കൂടാതെ ശ്രദ്ധിക്കണം. തൃശ്ശൂർപ്പൂരത്തിന് പാസ് നൽകി ആളുകളെ നിയന്ത്രിക്കുന്നത് പരിഗണിക്കണം. ഒന്നരക്കോടിയോളം പേർക്ക് വാക്സിൻ കൊടുക്കാനായാൽ സ്കൂളുകൾ ജൂണിൽ തുറക്കാനാവുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.