മൈക്രോസോഫ്റ്റിന്റെ ഓഫര്‍ നിരസിച്ച് ബൈറ്റ്ഡാന്‍സ്; ടിക് ടോക് ഒറാക്കിള്‍ വാങ്ങിയേക്കും

0

വാഷിങ്ടണ്‍: ടിക് ടോക് വാങ്ങാമെന്ന യുഎസ് ടെക് ഭീമനായ മൈക്രോസോഫ്റ്റിന്റെ നീക്കം പാളി. തങ്ങളുടെ വാഗ്ദാനം ടിക്‌ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് നിരസിച്ചതായി മൈക്രോസോഫ്റ്റ് അറിയിച്ചു. ഇതോടെ ഒറാക്കിള്‍ മാത്രമാകും ടിക്‌ടോക് വാങ്ങാന്‍ രംഗത്തുള്ള ഏക കമ്പനി. ലേലത്തില്‍ ഒറാക്കിള്‍ വിജയിച്ചതായി വാള്‍ സ്ട്രീറ്റ് ജേണല്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നീമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഒറാക്കിളിന് വൈറ്റ് ഹൗസില്‍ നിന്നും യുഎസിലെ വിദേശ നിക്ഷേപ സമിതിയുടെയും അനുമതി ആവശ്യമാണെന്ന് ഇടപാടുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കന്‍ ഡേറ്റാ സുരക്ഷിതത്വത്തിനു യാതൊരു ഭീഷണിയും ഉണ്ടാകില്ലെന്ന് അധികൃതര്‍ക്ക് ഉറപ്പു വരികയും വേണം.

ടിക്ടോക്കിന്റെ ചൈനീസ് മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സുമായുളള അമേരിക്കയിലെ ബിസിനസ് അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമയപരിധി നിശ്ചയിച്ചിരുന്നു. ചൈനീസ് ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ അതിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ വില്‍ക്കുകയോ ചെയ്യാനായിരുന്നു ട്രംപിന്റെ ഉത്തരവ്.

സെപ്റ്റംബര്‍ 20നുള്ളില്‍ വില്‍പനകരാര്‍ ഉണ്ടായില്ലെങ്കില്‍ അമേരിക്കയില്‍ ടിക്‌ടോക് പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാണ് ട്രംപ് അറിയിച്ചിരുന്നത്. തുടര്‍ന്ന് ഓഗസ്റ്റില്‍ ടിക്‌ടോക് ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു മൈക്രോസോഫ്റ്റ് രംഗത്തെത്തി. എന്നാല്‍ ഇവര്‍ മുന്നോട്ടുവച്ച വാഗ്ദാനം ബൈറ്റ് ഡാന്‍സ് ഞായറാഴ്ച തള്ളുകയായിരുന്നു. ടിക്‌ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനാവകാശം മൈക്രോസോഫ്റ്റിനു വില്‍ക്കുന്നില്ലെന്ന് ബൈറ്റ്ഡാന്‍സ് അറിയിച്ചതായും കമ്പനിവൃത്തങ്ങള്‍ വ്യക്തമാക്കി.

‘ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ മൈക്രോസോഫ്റ്റിന് വില്‍ക്കില്ലെന്ന് ബൈറ്റ്ഡാന്‍സ് ഞങ്ങളെ അറിയിച്ചു. ദേശീയ സുരക്ഷാ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം ടിക് ടോക് ഉപയോക്താക്കള്‍ക്ക് ഞങ്ങളുടെ നിര്‍ദേശം ഉത്തമമാകുമായിരുന്നെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. ‘ മൈക്രോസോഫ്റ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.