ദേഹാസ്വാസ്ഥ്യം: വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0

കോട്ടയം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പള്ളത്തുള്ള കെ.എസ്.ഇ.ബി ഗസ്റ്റ് ഹൗസിൽ വിശ്രമിക്കുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

കോട്ടയത്ത് നടക്കുന്ന പരിപാടികൾക്കായി വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് മന്ത്രി കെ.കൃഷ്ണൻകുട്ടി പള്ളത്തെ ഡാംസേഫ്റ്റി വിഭാഗത്തിന്റെ റെസ്റ്റ് ഹൗസിൽ എത്തിയത്. ഇവിടെ വിശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെ മന്ത്രിയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഡോക്റ്ററെ ചിങ്ങവനം പൊലീസ് വിളിച്ചു വരുത്തുകയും ഡോക്റ്ററുടെ നിർദേശ പ്രകാരം വിശദമായ പരിശോധനകൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മന്ത്രിയെ മാറ്റുകയും ചെയ്തു.

രക്തത്തിലെ ഷുഗർ നില താഴ്ന്നതാണ് കാരണം. ആരോഗ്യനില തൃപ്തികരമാണെന്നും പരിശോധനകൾക്ക് ശേഷം മന്ത്രി ആശുപത്രി വിടുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മന്ത്രി കൃഷ്ണൻകുട്ടിയെ സഹകരണ മന്ത്രി വി.എൻ വാസവൻ ആശുപത്രിയിലെത്തി സന്ദർശിച്ചു.