കുറവന്‍കോണത്ത് വീട്ടിലെ അതിക്രമം; റോഷി അഗസ്റ്റിന്‍റെ പിഎസിന്‍റെ ഡ്രൈവര്‍ അറസ്റ്റില്‍

0

കുറവൻകോണത്തെ വീട്ടിൽ അതിക്രമം കാണിച്ച കേസിൽ അറസ്റ്റ്. മലയിൻകീഴ് മഞ്ചയിൽ സ്വദേശി സന്തോഷ് കുമാർ (39) ആണ് അറസ്റ്റിലായത്. 10 വർഷമായി ഇയാള്‍ ഇറിഗേഷൻ വകുപ്പിൽ താൽക്കാലിക ഡ്രൈവറാണ്. നിലവിൽ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് സന്തോഷ് കുമാര്‍. അതിക്രമിച്ചു കയറൽ, മോഷണ ശ്രമം എന്നിവ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇറിഗേഷൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുളള വാഹനമാണ് ഓടിച്ചിരുന്നത്.ഈ വാഹനത്തിലാണ് നഗരത്തിൽ രാത്രി കറങ്ങിയത്. സർക്കാർ ബോർഡ് പതിച്ച ഈ വാഹനത്തിന്റെ ദ്യശ്യങ്ങളാണ് പ്രതിയിലേക്ക് എത്തിച്ചത്. സെക്രട്ടറിയേറ്റിന്റെ ഉള്ളിൽ നിന്നാണ് സന്തോഷിനെ കസ്റ്റഡിയിലെടുക്കുന്നത്. പ്രൈവറ്റ് സെക്രട്ടറി ഉപയോഗിച്ചിരുന്നത് ഇറിഗേഷൻ വകുപ്പിന്റെ വാഹനമാണ്.

കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് കുറവന്‍കോണത്തെ വീട്ടില്‍ അജ്ഞാതന്‍ കയറാന്‍ ശ്രമിച്ചത്. രാത്രി 9.45 മുതൽ പ്രതി വീടിന്‍റെ പരിസരത്തുണ്ടായിരുന്നു. അ‍ർദ്ധരാത്രി 11.30 നാണ് അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. തിരികെപ്പോയി വീണ്ടുമെത്തിയ ശേഷമാണ് വീടിന്‍റെ മുകൾനിലയിലേക്കുള്ള ഗേറ്റിന്‍റെയും മുകൾനിലയിലെ ഗ്രില്ലിന്‍റെയും പൂട്ടുതകർത്തത്. ജനലും തകർക്കാൻ ശ്രമിച്ചു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വെളുപ്പിന് മൂന്നര വരെ ഇയാൾ ഇവിടെ തന്നെയുണ്ടായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസവും ഇയാള്‍ ഈ വീട്ടിലെത്തിയിരുന്നു. എന്നാല്‍ മുഖം മറച്ചായിരുന്നു രണ്ടാമത്തെ വരവ്.നേരത്തെ മ്യൂസിയത്തിലും കുറവന്‍കോണത്തും അക്രമം നടത്തിയത് ഒരാളല്ലെന്ന് പൊലീസ് പ്രതികരിച്ചിരുന്നു. രണ്ട് പേരുടേയും ശരീരഘടനയില്‍ വ്യത്യാസമുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

മ്യൂസിയത്ത് സ്ത്രീയെ ആക്രമിച്ചയാൾക്ക് നല്ല ശാരീരിക ക്ഷമതയുണ്ടെന്നും. കുറവന്‍കോണത്ത് വീട്ടില്‍ കയറിയ ആൾക്ക് പരാതിക്കാരിയുടെ മൊഴിയുമായി രൂപസാദൃശ്യമില്ലെന്നുമാണ് പൊലീസ് പറഞ്ഞത്. കുറവൻകോണത്ത് പ്രതി വീട്ടില്‍ കയറിയതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് മ്യൂസിയം പരിസരത്ത് യുവതിക്ക് നേരെ ആക്രമണം നടന്നത്. ഇതോടെയാണ് രണ്ട് സംഭവങ്ങളിലെയും പ്രതി ഒരാള്‍ തന്നെയാണോയെന്ന സംശയം ഉയര്‍ന്നത്.