സേവ സ്ഥാപകയും പദ്മഭൂഷണ്‍ ജേത്രിയുമായ ഇള ഭട്ട് അന്തരിച്ചു

0

അഹമ്മദാബാദ്: പ്രശസ്ത സ്ത്രീശാക്തീകരണ പ്രവര്‍ത്തകയും അഭിഭാഷകയുമായ ഇള ഭട്ട് അന്തരിച്ചു. 89 വയസ്സായിരുന്നു. ​ഗുജറാത്തിലെ അഹമ്മദാബാദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയായിരുന്നു അന്ത്യം.

ഇന്ത്യയില്‍ സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് വേണ്ടി സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസ്സോസിയേഷൻ (SEWA) എന്ന സംഘടനയുടെ സ്ഥാപക കൂടിയാണ് ഇള ബെൻ എന്നറിയപ്പെടുന്ന ഇള ഭട്ട്. ഗാന്ധിയന്‍ ചിന്തകളില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന ഇള സബര്‍മതി ആശ്രം പ്രിസര്‍വേഷന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിന് വേണ്ടി അശ്രാന്തം പ്രവര്‍ത്തിച്ച ഇള ഭട്ട് സ്ത്രീകള്‍ക്ക് വേണ്ടി 1973-ൽ ഇന്ത്യയിലെ ആദ്യത്തെ വനിത ബാങ്കായ സേവ സഹകരണ ബാങ്ക് സ്ഥാപിക്കാൻ മുൻകയ്യെടുത്തു. വിമൻസ് വേൾഡ് ബാങ്കിന്റെ സഹസ്ഥാപക കൂടിയാണ്. 1985-ല്‍ പദ്മശ്രീയും 1986-ല്‍ പദ്മഭൂഷണും നല്‍കി രാജ്യം ഇളയെ ആദരിച്ചു. തന്റെ നിസ്തുല സേവനത്തിന് ഇള ഭട്ട് 1977-ല്‍ മഗ്‌സസെ അവാര്‍ഡിനും 2011-ല്‍ ഗാന്ധി പീസ് പ്രൈസിനും അര്‍ഹയായി.

സൗമ്യയായ വിപ്ലവകാരിയെന്നറിയപ്പെട്ട ഇള സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചു. ആഗോള സംഘടനയായ ദഎല്‍ഡേഴ്‌സിന്റെ പ്രവര്‍ത്തനങ്ങളിലും ഇള പങ്കാളിയായിരുന്നു. രമേശ് ഭട്ട് ആണ് ഭര്‍ത്താവ്. മഹിര്‍, അമിമയി എന്നിവരാണ് മക്കള്‍.