കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക്: ആശങ്കയിലായി പ്രവാസികൾ

0

കുവൈത്ത് സിറ്റി: ക്രിസ്മസും പുതുവത്സരവും ഉള്‍പ്പെടെ ആഘോഷ സീസണ്‍ എത്തിയതോടെ വിമാന ടിക്കറ്റ് നിരക്കിലും വന്‍ വര്‍ധനവ്. തുർക്കി, ദുബൈ, സൗദി അറേബ്യ, ഈജിപ്ത്, ലെബനൻ, ലണ്ടൻ, ഫിലിപ്പീന്‍സ് തുടങ്ങിയ ചില സ്ഥലങ്ങളിലേക്ക് സാധാരണ നിരക്കിൽ നിന്ന് 100 മുതൽ 250 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.

കുവൈത്തിലെ സ്വകാര്യ വിദേശ സ്‌കൂളുകളുടെ അവധിക്കാലത്തോടനുബന്ധിച്ചാണ് ചില ലക്ഷ്യസ്ഥാനങ്ങൾക്കുള്ള ടിക്കറ്റുകൾക്ക് ആവശ്യക്കാര്‍ ഇത്രത്തോളം വർധിച്ചതെന്ന് ട്രാവൽ, ടൂറിസം വിദഗ്ധർ വിശദീകരിച്ചു. അവധിക്കാലം കൂടി എത്തിയതോടെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ കുടുംബങ്ങളുടെ താല്‍പ്പര്യവും വര്‍ധിച്ചു.

വിവിധ പ്രായക്കാർക്ക് അനുയോജ്യമായ രസകരമായ നിരവധി കാര്യങ്ങളുള്ളതിനാല്‍ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ലക്ഷ്യസ്ഥാനമായി മാറിയിരിക്കുന്നത് സൗദി അറേബ്യയാണ്. ഉയർന്ന ടിക്കറ്റ് നിരക്കുള്ള യാത്രാ സീസൺ തിരിച്ചറിയാൻ നേരത്തെയുള്ള ആസൂത്രണത്തിന്റെ ആവശ്യകതയും, യാത്രകൾക്കുള്ള റിസർവേഷനുകൾക്കായി ഫ്ലെക്സിബിൾ തീയതികളും സമയങ്ങളും സ്വീകരിക്കുന്നതും പ്രമോഷണൽ ഓഫറുകൾ പ്രയോജനപ്പെടുത്തുന്നതും നിരക്കുകള്‍ നിരന്തരം നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയുമുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.