മൊഫിയയുടെ മരണം; ഭർത്താവടക്കം മൂന്ന് പ്രതികളും റിമാൻഡിൽ

0

മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവടക്കമുള്ള മൂന്ന് പ്രതികളും റിമാൻഡിൽ. മൊഫിയയുടെ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈൽ(27), ഭർതൃമാതാവ് റുഖിയ(55), പിതാവ് യൂസഫ്(63) എന്നിവരെയാണ് 14 ദിവസത്തേക്ക് പ്രതികളെ റിമാൻഡ് ചെയ്തത്. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.

ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള പൊലീസിന്റെ അപേക്ഷ കോടതി പിന്നീട് പരിഗണിക്കും. ചൊവ്വാഴ്ച രാത്രിയാണ് ഒളിവിലായിരുന്ന പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാത്രി 10.30ഓടെയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. സംഘർഷസാധ്യത പരിഗണിച്ച് അതീവ സുരക്ഷയിലാണ് പ്രതികളെ കോടതിയിൽ എത്തിച്ചത്. പിന്നീട് മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കുകയായിരുന്നു. ഐപിസി 304(ബി), 498(എ), 306, 34 എന്നീ വകുപ്പുകൾ പ്രകാരം സ്ത്രീധന മരണം, ആത്മഹത്യാപ്രേരണ, വിവാഹിതയ്‌ക്കെതിരെയുള്ള ക്രൂരത തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ ആരോപണ വിധേയനായ സി ഐ സുധീറിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. സി ഐ നടത്തിയ മധ്യസ്ത ചര്‍ച്ചയില്‍ തെറ്റില്ല. എന്നാല്‍ കേസെടുക്കുന്നതില്‍ ഗുരുതര വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആലുവ ഡിവൈഎസ്പി പി കെ. ശിവന്‍കുട്ടിക്കായിരുന്നു ഇതു സംബന്ധിച്ച അന്വേഷണ ചുമതല. മോഫിയ സിഐയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ അടിച്ചതിന് ശാസിക്കുക മാത്രമാണുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.